തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എക്കെതിരെ ഇതുവരെ വ്യക്തമായ തെളിവ് ലഭിക്കാത്തതിനാലാണ് സമയമെടുത്ത് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ വിജിലന്‍സ് നീക്കം. വിജിലന്‍സ് മേധാവി എസ്. അനില്‍ കാന്തിനെ അന്വേഷണ സംഘം ഇക്കാര്യം അറിയിച്ചു. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ബന്ധപ്പെടുത്തുന്ന ചില തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ശിവകുമാറുമായി ബന്ധപ്പെട്ട് അത്തരം തെളിവൊന്നുമായിട്ടില്ല. റെയ്ഡുകളിലുള്പ്പെടെ തെളിവ് ലഭിക്കാത്തതാണ് വിജിലന്‍സിനെ വലയ്ക്കുന്നത്. വിശദ അന്വേഷണത്തില്‍ കേസില്‍ സഹായകമാകുന്ന വിവരങ്ങള്‍ ലഭിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. പത്ത് വര്‍ഷം മുമ്പ് മുതലുള്ള രേഖകള്‍ ഇതിന് പരിശോധിക്കേണ്ടിവരും.
ശിവകുമാറിന്റെ പേഴ്സനല്‍ ജീവനക്കാര്‍, സുഹൃത്തുക്കള്‍ എന്നിവരുടെ വരുമാനത്തില്‍ വന്‍വര്‍ധന കണ്ടെത്തിയിട്ടുണ്ട്. പ്രതിചേര്‍ക്കപ്പെട്ട ഇവരുടെ വരുമാനത്തില്‍ മൂന്നിരട്ടിയോളമാണു വര്‍ധന. അത് എങ്ങനെ എന്നതില്‍ വ്യക്തത വരുത്താന്‍ ബാങ്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കേണ്ടിവരും. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അട്ടിമറിക്കാന്‍ ശ്രമം നടന്നോയെന്ന സംശയവുമുണ്ട്. അതിനാല്‍ പ്രതികളുടെ ഫോണ്‍ വിളി വിശദാംശങ്ങള്‍ വിജിലന്‍സ് സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്.
ശിവകുമാര്‍ തലസ്ഥാനത്ത് സ്വകാര്യ ആശുപത്രി വാങ്ങിയെന്നതുള്‍പ്പെടെ ആരോപണങ്ങളും പരിശോധിക്കുന്നുണ്ട്. ഭൂമിയിടപാട് രേഖകള്‍ക്കായി രജിസ്ട്രേഷന് വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്. പത്ത് വര്‍ഷത്തോളം പഴക്കമുള്ള ഈ രേഖകള്‍ ലഭിക്കാന്‍ താമസം വന്നേക്കും.