കൊച്ചി : വിദേശത്ത് നിന്ന് എത്തുന്നവര്‍ ക്വാറന്റീന് പണം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ വിടി ബല്‍റാം എം.എല്‍.എ രംഗത്ത്. ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപയും ചെലവഴിച്ച സര്‍ക്കാരിപ്പോള്‍ പ്രവാസ ലോകത്തു നിന്ന് കഷ്ടപ്പാട് സഹിച്ച് നില്‍ക്കക്കള്ളിയില്ലാതെ എങ്ങനെയെങ്കിലും സ്വന്തം നാട്ടിലെത്തുന്ന സാധാരണ മലയാളികള്‍ക്ക് ക്വാറന്റീന്‍ സൗകര്യം നല്‍കാന്‍ അഞ്ച് പൈസ ചെലവഴിക്കാതിരിക്കുകയാണെന്നാണ് ബല്‍റാം ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
ഫേസ്ബുക്കിന്റെ പൂര്‍ണ രൂപം;
“ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപ ചെലവഴിക്കുന്നതുമൊക്കെ അനാവശ്യ ധൂര്‍ത്തല്ലേ, പൊതുപണത്തിന്‍്റെ വിനിയോഗത്തില്‍ അല്‍പ്പം മിതത്വം ആയിക്കൂടെ എന്ന് ചോദിച്ചപ്പോള്‍ അതിന്‍്റെ പേരില്‍ വലിയ സൈബര്‍ ആക്രമണമായിരുന്നു ഞങ്ങളൊക്കെ നേരിടേണ്ടി വന്നത്.
എന്നാല്‍ ഇന്നിതാ പ്രവാസ ലോകത്തു നിന്ന് കഷ്ടപ്പാട് സഹിച്ച് നില്‍ക്കക്കള്ളിയില്ലാതെ എങ്ങനെയെങ്കിലും സ്വന്തം നാട്ടില്‍ കൂടണയാന്‍ എത്തുന്ന സാധാരണ മലയാളികള്‍ക്ക് ക്വാറന്റിന്‍ സൗകര്യം നല്‍കാന്‍ അഞ്ച് പൈസ ചെലവഴിക്കുകയില്ല എന്ന് അതേ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു.
എന്തിനാണ് സാധാരണക്കാരോട് ഇത്ര ക്രൂരത? ”
വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനും അതിനും ശേഷം ഏഴ് ദിവസം വീട്ടിലെ ക്വാറന്‍റൈനും ആണ് നടപ്പാക്കി വന്നിരുന്നത്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ ചിലവാണ് സര്‍ക്കാരാണ് വഹിച്ച് വന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചിലവ് അവര്‍ തന്നെ വഹിക്കണം. ഇക്കാര്യമാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കിയത്.