തിരുവനന്തപുരം: സൈബറിടങ്ങളില്‍ രാഷ്ട്രീയ പോരാട്ടം മുറുകുകയാണ്. നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ചേരിതിരിവാണ് വാക്‌പോരിനും സൈബര്‍ പോരിനും വഴിവെച്ചത്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷം ആരോപണം കടുപ്പിച്ചപ്പോള്‍ ആരോപണ- പ്രത്യാരോപണങ്ങളും മുറുകി. ഇന്നലെ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെയാണ് റിയാസിനെതിരെ രംഗത്തുവന്നത്. കടുത്ത ഭാഷയില്‍ തന്നെയാണ് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാമും പ്രതികരണവുമായി രംഗത്തുവന്നത്. ഇതോടെ ഇടതു കേന്ദ്രങ്ങളില്‍ നിന്നു ബല്‍റാമിനെതിരെ സൈബര്‍ ആക്രമണവും കടുപ്പിച്ചു.
അതേസമയം ഇതിന്റെ തുടര്‍ച്ചയെന്നോണം അഡ്വ. രശ്മിത രാമചന്ദ്രനും വി ടി ബല്‍റാമും സൈബറിടത്തില്‍ തമ്മില്‍ കോര്‍ത്തു. റിയാസിനെതിരെ ബല്‍റാം പറഞ്ഞതിനെതിരെ രശ്മിത സൈബറിടത്തില്‍ പോസ്റ്റിട്ടു. ഇതിന് ഉരുളക്കുപ്പേരി എന്ന കണക്കിന് ബല്‍റാമും മറുപടി നല്‍കി. ഇതാണ് ഇപ്പോള്‍ സൈബറിടത്തിലെ ഹോട്ട് ടോപ്പിക്. ബല്‍റാം തോറ്റതിനെ പരാമര്‍ശിച്ചു കൊണ്ടാണ് രശ്മിത പോസ്റ്റിട്ടത്. അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VT-ലിരുന്നു പോയ ഒരു ചെറുപ്പക്കാരന്‍ എന്നു വിശേഷിപ്പിച്ചു കൊണ്ടായിരുന്നു രശമിതയുടെ പോസ്റ്റ്.
രശ്മിതയുടെ പോസ്റ്റിന് മറുപടിയായി ബല്‍റാമും രംഗത്തു വന്നിരുന്നു. കുണ്ടന്നൂര്‍ മേല്‍പാലത്തിത്തിന്റെ പടം പോസ്റ്റു ചെയ്തുകൊണ്ടാണ് ബല്‍റാം ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയത്. എം സ്വരാജ് തൃപ്പൂണിത്തുറയില്‍ തോറ്റതാണ് ബല്‍റാം ഉദ്ദേശിച്ചതും. ഇതോടെ കമന്റ് ബോക്‌സില്‍ ചര്‍ച്ചയായത് സ്വരാജാണ്. ഈ മറുപടിയുടെ പേരിലും രണ്ടു കൂട്ടരും തമ്മില്‍ സൈബറിടത്തില്‍ പോരാട്ടം തുടരുകയാണ്.
രശ്മിത രാമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VT-ലിരുന്നു പോയ ഒരു ചെറുപ്പക്കാരന്‍ ( നാട്ടുകാര്‍ VT- ല്‍ ഇരുത്തി എന്നാണ് ശരിക്കും ശരി )!
ഒപ്പം പഠിച്ചവര്‍, എതാണ്ട് ഒരേ പ്രായം ഉള്ളവര്‍ ഒക്കെ നല്ല നിലയിലായി! തന്നെ തോല്പിച്ചവന്‍ state car- ല്‍ കണ്‍മുന്നില്‍! ഇതൊന്നും കാണാന്‍ സഹിക്കാതെ വിക്കറ്റ് എണ്ണി നില്‍ക്കാം എന്ന് കരുതിയാല്‍ പോകുന്നത് ഒക്കെ സ്വന്തം ടീം- ന്റെ!
അപ്പൊ പിന്നെ, വേറെന്തു time pass! തലയ്ക്ക് വെളിവ് ഇല്ലാത്ത മനുഷ്യര്‍ നാട്ടിലെ മാന്യ മനുഷ്യരെ പുലഭ്യം പറയുന്നത് ആസ്വദിക്കാം, വിജയിച്ച മനുഷ്യര്‍ ഒക്കെ management കോട്ട ഒപ്പിച്ചു എന്ന് പറയാം, എണ്ണം പറഞ്ഞ എഴുത്തുകാരെ കൊഞ്ഞനം കാണിക്കാം………
just for the ഹൊറര്‍ ഓഫ് it guys…..#തൃത്താലthings
വിടി ബല്‍റാമിന്റെ മറുപടി:
തെരഞ്ഞെടുപ്പില്‍ തോറ്റാലുടന്‍ VTല്‍ കുത്തിയിരിക്കുന്നവരല്ല ഞങ്ങളാരും. ലോകത്തിലാദ്യമായി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതും ഞങ്ങളല്ല എന്ന് സാമാന്യം ചരിത്രബോധമുള്ളവര്‍ക്കറിയാം. ഇ.കെ നായനാരും വി എസ്. അച്ചുതാനന്ദനുമടക്കമുള്ള വലിയ വിപ്ലവകാരികള്‍ തൊട്ട് ഇന്നത്തെ ക്യാബിനറ്റിലെ 21 മന്ത്രിമാരില്‍ 16 ആളുകളും ഓരോ ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ തന്നെയാണ്. അവരെയൊക്കെ അതത് കാലത്ത് ജനങ്ങള്‍ VTല്‍ ഇരുത്തിയതാണെന്നാണ് വാദമെങ്കില്‍ പിന്നൊന്നും പറയാനില്ല.
ഏതായാലും ഞങ്ങളില്‍പ്പലരും മത്സരിച്ചതും? വിജയിച്ചതും പരാജയപ്പെട്ടതും ഏത് കുറ്റിച്ചൂലുകളെ നിര്‍ത്തിയാലും ജയിപ്പിക്കാന്‍ സ്വന്തം പാര്‍ട്ടിക്ക് കരുത്തുള്ള മണ്ഡലങ്ങളിലല്ല, പതിറ്റാണ്ടുകളോളം എതിരാളികളുടെ കയ്യിലിരുന്ന സീറ്റുകള്‍ പിടിച്ചെടുത്തിട്ടാണ് മുന്നോട്ടുവന്നത്. കിട്ടിയ പദവികള്‍ എന്നെന്നേക്കും നിലനിര്‍ത്താന്‍ വേണ്ടി ‘നല്ലകുട്ടി’ ചമയാനല്ല, സ്വന്തം രാഷ്ട്രീയത്തെ നിര്‍ഭയമായി മുന്നോട്ടുവച്ചുള്ള പോരാട്ടങ്ങള്‍ തുടരാന്‍ തന്നെയാണ് തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ശ്രമിച്ചിട്ടുള്ളത്.
ഏതായാലും, സ്വന്തം പാര്‍ട്ടിക്ക് വലിയ മുന്‍തൂക്കമുള്ള കോര്‍പ്പറേഷന്‍ വാര്‍ഡ് മുതല്‍ പാര്‍ലമെന്റ് സീറ്റ് വരെയുള്ള എല്ലാ മത്സരങ്ങളിലും തോറ്റ് തുന്നം പാടി അവസാനം പാര്‍ട്ടിക്ക് ഒരിക്കലും തോല്‍ക്കാന്‍ കഴിയാത്ത മണ്ഡലത്തില്‍ മാനേജ്‌മെന്റ് ക്വാട്ട വഴി സീറ്റ് തരപ്പെടുത്തിയൊന്നുമല്ല ഞങ്ങളൊന്നും ജീവിതത്തില്‍ ആദ്യമായി ഒരു തെരഞ്ഞെടുപ്പ് വിജയം നേടുന്നത്. അതുകൊണ്ട് തന്നെ ആരുടേയെങ്കിലും ആദ്യ വിജയത്തിന്റെ നെഗളിപ്പിലോ മന്ത്രിക്കാറുകളുടെ ചീറിപ്പായലിലോ കണ്ണു തള്ളുന്നവരല്ല ഞങ്ങളാരും.
(NB: ഫോട്ടോ പ്രതീകാത്മകം മാത്രമാണ്. എറണാകുളത്തെ കുണ്ടന്നൂര്‍ പാലമാണെന്ന് തോന്നുന്നു).