വാളയാർ : വാളയാർ ചെല്ലങ്കാവിൽ വ്യാജമദ്യം കഴിച്ച് മരിച്ച അഞ്ച് പേരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സാനിറ്റൈസർ നിർമിക്കാനെത്തിച്ച സ്പിരിട്ടാണ് മദ്യമെന്ന പേരിൽ ഇവർ കുടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ത്രീകൾ അടക്കം എട്ട് പേർ ഇപ്പോഴും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് അഞ്ച് പേർ വ്യാജമദ്യം കഴിച്ച് മരിച്ചത്. രാമൻ എന്നയാൾ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ചു കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. തുടർന്ന് ഒരു മണിയോടെ കോളനിയിലെ മറ്റൊരാളായ അയ്യപ്പനും മരിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം രണ്ട് മൃതദേഹങ്ങളും സംസ്‌കരിച്ചു.
ഇതിന് പിന്നാലെ ഇന്നലെ രാവിലെ ഇവർക്ക് മദ്യം കൊടുത്തെന്ന് സംശയിക്കുന്ന ശിവനും മരിച്ചു. ഇതോടെ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മൂർത്തിയെന്ന യുവാവ് അവിടെ നിന്ന് മുങ്ങി. ഇയാളെ പിന്നീട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തി. വ്യാജമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അരുണാണ് അവസാനം മരിച്ചത്.