പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ എല്ലാ വ്യാപാരികളും ജൂലായ് 22 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ഒളിമ്പിക് ദീപം തെളിക്കണമെന്ന പത്തനംതിട്ട നഗരസഭയുടെയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും തീരുമാനം വിവാദമാകുന്നു.
കഴിഞ്ഞദിവസം പത്തനംതിട്ട നഗരസഭയില്‍ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. നാളെ വൈകിട്ട് ആറു മണിക്ക് വ്യാപാരികള്‍ തങ്ങളുടെ വ്യാപാര സ്ഥാപനത്തിനു മുമ്പില്‍ മെഴുകുതിരി കത്തിച്ച് ഒളിമ്പിക് ദീപം തെളിക്കണമെന്നാണ് തീരുമാനം. വ്യാപാരി സംഘടനകളുടെ നിര്‍ദ്ദേശത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് കച്ചവടക്കാര്‍ പ്രതികരിക്കുന്നത്.
മരണവീട്ടില്‍ ഗാനമേള നടത്താന്‍ പറയുന്ന നേതാക്കള്‍ക്കെതിരെയാണ് കച്ചവടക്കാരുടെ രോഷം മുഴുവന്‍. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കുന്നതെന്നും നിങ്ങള്‍ക്കൊന്നും നാണമില്ലേയെന്നും കച്ചവടക്കാര്‍ ചോദിക്കുന്നു. ഒന്നര വര്‍ഷമായി കടകള്‍ അടച്ചിട്ട് ഏതുനിമിഷവും ആത്മഹത്യ ചെയ്യാനിരിക്കുന്ന വ്യാപാരികള്‍ ഒളിമ്പിക് ദീപം തെളിക്കണമെന്ന് പറയുന്നതിലെ ഔചിത്യം എന്തെന്നും വ്യാപാരികള്‍ ചോദിക്കുന്നു.
പൂട്ടിയിട്ട കടകള്‍ക്ക് മുമ്പില്‍ ഒളിമ്പിക് ദീപം തെളിച്ച് ആഘോഷത്തില്‍ പങ്കെടുക്കുവാനുള്ള മാനസികാവസ്ഥയിലല്ല വ്യാപാരികള്‍. അടച്ചിട്ട കടകളിലെ സ്റ്റോക്കുകള്‍ നശിച്ചു. കടംകയറി നില്‍ക്കക്കള്ളിയില്ലാതെയായി. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ചെറുകിട വ്യാപാരികളാണ്.
പൊതുഗതാഗതം സര്‍ക്കാര്‍ അനുവദിച്ചു. വിദേശ മദ്യക്കടകളും കള്ളുഷാപ്പുകളും തുറക്കുവാന്‍ സര്‍ക്കാര്‍ അനുവദിച്ചു. നിര്‍മ്മാണ മേഖലയും തുറന്നു കൊടുത്തു. ബസ്സിലെ യാത്രയും വിദേശമദ്യ വില്‍പ്പനകേന്ദ്രങ്ങളിലും സാമൂഹ്യ അകലം പാലിക്കപ്പെടുന്നില്ല. ബസ്സിലെ സീറ്റില്‍ യാത്രക്കാര്‍ മാറിമാറി ഇരിക്കുന്നു. ഇവിടെയൊക്കെ രോഗം പകരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഒരേസമയം എത്താറുള്ളു. എന്നിരുന്നാലും ലോക്ക് ഡൌണിന്റെ ഇരകളായത് വ്യാപാരികളാണ്. മാനസികമായി ഏറെ തകര്‍ന്നിരിക്കുന്ന ഈ വ്യാപാരികളോടാണ് ഒളിമ്പിക് ദീപം തെളിക്കാന്‍ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.