പത്തനംതിട്ട : കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച എട്ടിന ദുരിതാശ്വാസ പദ്ധതികളില്‍ വ്യാപാര മേഖലയ്ക്ക് ഉണര്‍വേകുന്ന പദ്ധതികള്‍ ഒന്നുമില്ലാതെ പോയത് നിര്‍ഭാഗ്യകരമാണെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു.
മൈക്രോ ഫിനാന്‍സിലൂടെ ലഭ്യമാകുന്ന വായ്പാപദ്ധതിയിലെ 89 ദിവസത്തില്‍ കൂടുതല്‍ വീഴ്ചവരുത്തിയവര്‍ക്ക് വായ്പ ലഭ്യമാക്കില്ല എന്ന തീരുമാനം തിരുത്തണം. കോവിഡ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന വ്യാപാരികളില്‍ 99 ശതമാനം ആളുകളുടെയും തിരിച്ചടവില്‍ ഇതില്‍ പറയുന്നതില്‍ കൂുടതല്‍ മുടക്കം ഉണ്ടായിട്ടുണ്ട്. അതിനാല്‍തന്നെ പ്രസ്തുത പദ്ധതികൊണ്ട് വ്യാപാരികള്‍ക്ക് യാതൊരു പ്രയോജനവുമുണ്ടാകില്ല.
ചെറുകിട വ്യവസായങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച 1416 കോടി രൂപ പ്രയോജനകരമായി തീരണമെങ്കില്‍ ചെറുകിട വ്യാപാര മേഖല കൂടി ശക്തിപ്രാപികേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഉല്‍പാദനം വര്‍ദ്ധിക്കുകയും വിപണനം നടക്കാതെ വരികയും ചെയ്താല്‍ വ്യാപാര മേഖല കൂടുതല്‍ പ്രതിസന്ധിയിലാക്കുകയേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാര മേഖലയോടുള്ള അവഗണന നിര്‍ഭാഗ്യകരമാണെന്നും രാജു അപ്‌സര പറഞ്ഞു.