കൊച്ചി: വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി പിടിയില്‍. കൊച്ചി പള്ളാത്താംകുളങ്ങര ബീച്ച് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രണവിനെ കൊലപ്പെടുത്തിയ അയ്യമ്പള്ളി കൈപ്പന്‍ വീട്ടില്‍ അമ്പാടി (19) ആണ് അറസ്റ്റിലായത്. ചെറായി സ്വദേശി കല്ലുമഠത്തില്‍ പ്രസാദിന്റെ മകന്‍ പ്രണവിനെ ഇന്ന് രാവിലെയാണ് കുഴിപ്പള്ളി ബീച്ച് റോഡില്‍ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ നാലരയോടെ മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് പ്രണവിന്റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മര്‍ദ്ദനമേറ്റപാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലപൊട്ടി രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് മുനമ്പം പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പാടിയെ പിടികൂടിയത്. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു.