കൊച്ചി : സംസ്ഥാനത്തെ തന്നെ ഏറ്റവും വാഹനത്തിരക്കേറിയ വൈറ്റില, കുണ്ടന്നൂര്‍ ജങ്ഷനുകളിലെ ഗതാഗതക്കുരുക്കഴിക്കാന്‍ നിര്‍മിച്ച മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും. വൈറ്റില മേല്‍പ്പാലം രാവിലെ 9.30നും കുണ്ടന്നൂര്‍ മേല്‍പ്പാലം 11മണിക്കും ഗതാഗതത്തിനു തുറന്നുകൊടുക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക. രണ്ട് പാലത്തിനുസമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. മന്ത്രി ടി എം തോമസ് ഐസക് മുഖ്യാതിഥിയാകും. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്ര നടത്തും.
ദേശീയപാത 66ലെയും കൊച്ചി നഗരത്തിലെയും ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകുന്ന രണ്ടു പാലങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ 152.81 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. എസ്റ്റിമേറ്റ് തുകയേക്കാള്‍ 15.02 കോടി രൂപ ലാഭിച്ചാണ് ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെ പാലങ്ങള്‍ നിര്‍മ്മിച്ചത്. ദേശീയപാത അതോറിറ്റിയില്‍നിന്നു നിര്‍മ്മാണം ഏറ്റെടുത്തതുകൊണ്ട് ടോള്‍ പിരിവ് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു.
മണിക്കൂറില്‍ പതിനയ്യായിരത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന വൈറ്റില, കുണ്ടന്നൂര്‍ ജങ്ഷനുകളില്‍ പകല്‍സമയങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കായിരുന്നു. വൈറ്റില മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ ദേശീയപാത 66ല്‍ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കു മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്ര എളുപ്പമാകും . മൂന്നു ദേശീയപാതകള്‍ സംഗമിക്കുന്ന കുണ്ടന്നൂര്‍ മേല്‍പ്പാലം തുറക്കുന്നതോടെ ദേശീയപാതയില്‍ വടക്കോട്ടും തെക്കോട്ടുമുള്ള യാത്രക്കാര്‍ക്കു മാത്രമല്ല, തൃപ്പൂണിത്തുറ വഴിയുള്ള കൊച്ചി–-ധനുഷ്കോടി പാതയിലെയും മരട്–-കുണ്ടന്നൂര്‍ പാതയിലെയും യാത്രക്കാര്‍ക്ക് സമയം ഏറെ ലാഭിക്കാം.