ഇടുക്കി : വാഗമൺ ലഹരി നിശാപാർട്ടി കേസിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നു. കേസിൽ ഉന്നതർക്ക് പങ്കുണ്ട് അതുകൊണ്ട് തന്നെ ജില്ലയിലെ ഇടത് നേതാക്കളുടെ നിർദേശ പ്രകാരം കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായും ആരോപണം ഉണ്ട്. അതെ സമയം റിസോർട്ട് ഉടമ സിപിഐഎം നേതാവ് ഷാജി കുറ്റിക്കാടനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
മുൻപ് പല തവണ ഇവിടെ നിശാ പാർട്ടി നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. നക്ഷത്ര ആമകളെ കൈവശം വെച്ച കേസിലും മ്ലാവിറച്ചി റിസോർട്ടിൽ വിളമ്പിയ കേസിലും ഷാജി കുറ്റിക്കാട് ആരോപണ വിധേയനാണ്. ഇയാളുടെ ഒത്തയാശയോടെയാണ് നിശാപാർട്ടി നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. നിശാപാർട്ടിയെ കുറിച്ച് അറിയില്ലെന്നും ബർത്ത ഡെ പാർട്ടിക്കായി ഓൺലൈൻ വഴിയാണ് റിസോർട്ട് ബുക്ക് ചെയ്യ്തതെന്ന് ഉടമ ഷാജി കുറ്റിക്കാട് പറഞ്ഞു.
അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ഷാജിയെ സിപിഐഎംയിൽ നിന്ന് പുറത്താക്കി. വലിയ അളവിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയെന്ന ആദ്യ വിവരത്തിന് വിരുദ്ധമായി അളവ് കുറച്ച് കാണിച്ച് കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നു എന്നാണ് കോൺഗ്രസിന്‍റെ ആരോപണം.