എടത്വ: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ എടത്വയിലും സമീപ പ്രദേശങ്ങളിലും കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നല്കി. സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറാർ ഗോപകുമാർ തട്ടങ്ങാട്ട് എന്നിവർ ചേർന്നാണ് തിരുവല്ലയിൽ പ്രവർത്തിക്കുന്ന കെ.ആർ.എഫ്.ബി യുടെ ഓഫീസ് സന്ദർശിച്ച് നിവേദനം നല്കിയത്. പരിപാലന സമയം കഴിഞ്ഞിട്ടും എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിട്ടില്ലാത്തത് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്നും മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് റിപ്പോർട്ട് നല്കാമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പ് നൽകി.
എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ എടത്വ വികസന സമിതി ഭാരവാഹികൾ സന്ദർശിച്ച് മുഖാമുഖം ചർച്ച ചെയ്തിരുന്നു. നിർമ്മാണത്തെ സംബന്ധിച്ച് വിവരവകാശ നിയമ പ്രകാരം ഉള്ള രേഖകൾക്കായി എടത്വ വികസന സമിതി അപേക്ഷ സമർപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ പള്ളിയിൽ നൂറുകണക്കിന് തീർത്ഥാടകർ ആണ് പ്രതിദിനം എത്തുന്നത്. എടത്വ സെൻ്റ് അലോഷ്യസ് കോളേജ് ഉൾപ്പെടെ വിവിധ സ്കൂളുകൾ, വിവിധ ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എല്ലാം ടൗണിൽ തന്നെയാണ്. അമ്പലപ്പുഴ ഭാഗത്തേത്ത് ഉള്ള യാത്രക്കാർ നിന്നിരുന്നത് ഒരു തണൽ മരത്തിൻ്റെ കീഴിലായിരുന്നു. റോഡ് നവീകരണത്തിൻ്റെ ഭാഗമായി മരം മുറിച്ചു കളഞ്ഞു. കനത്ത വെയിലിലും മഴയത്തും യാത്രക്കാർ കയറി നില്ക്കുന്നത് കടകളുടെ വരാന്തകളിലാണ്. അടിയന്തിരമായി കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 9 ന് എടത്വ വികസന സമിതി ടൗണിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.