കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കീഴ്‌ക്കോടതി വെറുതെവിട്ട ആറ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്തു വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും ജാമ്യത്തില്‍ വിടണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. പ്രതികളെ വെറുതെവിട്ടതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
തെളിവുകളില്ലന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടത്. കേസില്‍ പോലീസിനും പ്രോസിക്യൂഷനും വീഴ്ച്ച സംഭവിച്ചെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കളും പിന്നാലെ പ്രതിഷേധവുമായി എത്തി. പ്രതിഷേധം ശക്തമായതോടെയാണ് കീഴ്ക്കോടതി വിധിക്ക് എതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്.
2017 ജനുവരി 13 നാണ് വാളയാര്‍ സഹോദരിമാരെ വീടിനുളളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ പിന്നിട് വെറുതെ വിടുകയായിരുന്നു.