വാളയാര്‍: പോലീസ് മനപ്പൂര്‍വ്വം വീഴ്ച വരുത്തി, അത് രണ്ടാമത്തെ കുട്ടിയുടെ മരണത്തിനിടയാക്കി. തെറ്റുകളോരോന്നായി നിരത്തി വാളയാര്‍ കേസിലെ കുട്ടികളുടെ മാതാവ് . വാളയാര്‍ പീഡനക്കേസ് അന്വേഷണത്തിലെ വീഴ്ചകള്‍ കമ്മീഷന് മുമ്പില്‍ തുറന്നു പറഞ്ഞ് മരിച്ച പെണ്‍കുട്ടികളുടെ അമ്മ. മുന്‍വിധിയോടെ നടത്തിയ പോലീസന്വേഷണം കേസ് ദുര്‍ബലമാക്കിയെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. തെളിവുകള്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷനും പരാജയപ്പെട്ടെന്ന് പി.കെ. ഹനീഫ കമ്മിഷനു മുന്നില്‍ മാതാപിതാക്കള്‍ പറഞ്ഞു.
വാളയാര്‍ കേസന്വേഷണത്തിലെ വീഴ്ചകളെപ്പറ്റി കമ്മിഷന്റെ തെളിവെടുപ്പ് ശനിയാഴ്ച പാലക്കാട് ഗസ്റ്റ്ഹൗസിലാണ് നടന്നത്. കേസിലെ മുന്‍ പ്രോസിക്യൂട്ടറായിരുന്ന ജലജ മാധവനും കമ്മിഷന് മൊഴിനല്‍കി. ഒന്നേകാല്‍ മണിക്കൂറോളം നീണ്ട വിവരശേഖരണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് കേസന്വേഷണത്തിലുണ്ടായ വീഴ്ചകളാണ് ആദ്യം കമ്മിഷന്‍ ചോദിച്ചറിഞ്ഞത്.
കോടതിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളൊന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നില്ലെന്നും അമ്മ പറഞ്ഞു. മൂത്തകുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടദിവസം സ്ഥലത്തെത്തിയ പോലീസുകാരോട് കേസുമായി ബന്ധപ്പെട്ട് ഇളയകുട്ടി നല്‍കിയ മൊഴിയും പ്രതികളെക്കുറിച്ചുള്ള സൂചനയും പോലീസ് പരിഗണിച്ചില്ല. ഇത് രണ്ടാമത്തെ കുട്ടിയും മരിക്കാനിടയാക്കി.
കോടതിയില്‍ വിചാരണ നടന്നപ്പോള്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് സഹകരണമുണ്ടായിരുന്നില്ല. പി.കെ. ഹനീഫ കമ്മിഷന്റെ അവസാനഘട്ട തെളിവെടുപ്പാണ് ശനിയാഴ്ച നടന്നത്. നേരത്തെ പാലക്കാട് എസ്.പി. ജി. ശിവവിക്രം, കേസ് വിവിധഘട്ടങ്ങളില്‍ അന്വേഷിച്ച പോലീസുദ്യോഗസ്ഥര്‍ എന്നിവരില്‍നിന്ന് കമ്മിഷന്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.