കൊച്ചി : വാളയാര്‍ പീഡന കേസില്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ച് സര്‍ക്കാര്‍. വാളയാറില്‍ ദലിത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സാക്ഷികളുടെ കൃത്യമായ മൊഴികളുണ്ടായിട്ടും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കേസില്‍ പ്രതികളെ വിചാരണക്കോടതി വിട്ടയച്ചതിനെതിരെ സര്‍ക്കാരും പെണ്‍കുട്ടികളുടെ അമ്മയും നല്‍കിയ അപ്പീല്‍ ഹര്‍ജികളില്‍ ഇന്നലെ വാദം ആരംഭിച്ചു. പ്രതി മധുവിനെതിരെ തെളിവുകള്‍ ഉണ്ടായിട്ടും പിഴവുണ്ടായെന്നു സര്‍ക്കാര്‍ ആരോപിച്ചു.
പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ടു എന്നു മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മരിക്കുന്നതിനു ഒരു മാസം മുന്‍പു പെണ്‍കുട്ടി അടുത്തുള്ള മറ്റൊരു പെണ്‍കുട്ടിയോടു പീഡനവിവരം പറഞ്ഞിട്ടുമുണ്ട്. മജിസ്ട്രേട്ടിനു മാതാപിതാക്കള്‍ നല്‍കിയ രഹസ്യ മൊഴി കോടതി തെളിവായി പരിഗണിച്ചില്ല. മജിസ്ട്രേട്ടിനെ സാക്ഷി പോലും ആക്കിയില്ല എന്നും സര്‍ക്കാര്‍ പറഞ്ഞു. മറ്റൊരു പ്രതി പ്രദീപ് ജീവനൊടുക്കിയ സംഭവത്തില്‍ എഫ്‌ഐആര്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കി.