പാലക്കാട്: വാളയാര്‍ കേസിലെ മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ നിരാഹാര സമരം തുടങ്ങി. വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നിരാഹാരം.
ജനുവരി 26 മുതലാണ് പെണ്‍കുട്ടികളുടെ അമ്മ സത്യഗ്രഹം തുടങ്ങിയത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ഫെബ്രുവരി 5 മുതല്‍ നിരാഹാരം സമരം തുടങ്ങിയിരുന്നു. ഇവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റിയതോടെ ഡി എച്ച് ആര്‍ എം നേതാവ് സലീന പ്രക്കാനം നിരാഹാരം തുടങ്ങി. ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് ജലജ മാധവന്‍ നിരാഹാരം തുടങ്ങിയത്.
വാളയാര്‍ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയത് പോലീസിന്റെ വീഴ്ച മൂലമാണെന്ന് കേസില്‍ മൂന്നു മാസത്തോളം പ്രോസിക്യൂട്ടറായിരുന്ന ജലജ മാധവന്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേസിലെ വീഴ്ച പരിശോധിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ പോലീസിന് പുറമെ പ്രോസിക്യൂട്ടര്‍മാര്‍ക്കും വീഴ്ച പറ്റിയതായി കണ്ടെത്തി. എന്നാല്‍ തന്റെ വാദം കേള്‍ക്കാതെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്നാണ് ജലജ മാധവന്‍ ആരോപിച്ചത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ വാളയാര്‍ കേസിലെ പ്രതികള്‍ക്ക് വേണ്ടി വാദിച്ചത് ചൂണ്ടിക്കാണിച്ചതിന് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതായും ഇവര്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ വാളയാര്‍ നീതി സമര സമിതിയുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ് ജലജ മാധവന്‍.