തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് അട്ടിമറിച്ചവര്‍ക്കെതിരെ അടിയന്തിരമായി നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേസ് അട്ടിമറിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കിയവരില്‍ പോലീസുകാരും സര്‍ക്കാര്‍ അഭിഭാഷകരുമുണ്ട്. ഇവര്‍ നിയമപരമായി ശിക്ഷിക്കപ്പെടുക തന്നെ വേണം. സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വാളയാര്‍ കേസില്‍ ഇപ്പോള്‍ പുനര്‍ വിചാരണയ്ക്കുള്ള സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ വീണ്ടും അറസ്റ്റിലാകുന്ന സാഹചര്യമുണ്ടായി. സെഷന്‍സ് കോടതി വിധി ഹൈക്കോടതി അസ്ഥിരപ്പെടുത്തുകയാണുണ്ടായിരിക്കുന്നത്. കേസിന്റെ അന്വേഷണവും കോടതിയിലെ കേസ് നടത്തിപ്പും അട്ടിമറിക്കപ്പെട്ടതായി ഇതോടെ ബോധ്യമായിരിക്കുന്നു. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത് സമൂഹത്തില്‍ നിന്ന് വളരെയേറെ സമ്മര്‍ദ്ദം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ്. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണമെന്ന് സര്‍ക്കാരിന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഡിവൈഎസ്പി അടക്കമുള്ളവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.