കൊച്ചി: വാളയാറില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ മക്കള്‍ക്ക് നീതി തേടി ഏകദിന സത്യഗ്രഹത്തിനൊരുങ്ങുന്നു. മൂത്തകുട്ടിയുടെ ജന്മദിനമായ ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ നാലുവരെ എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് മാതാവ് വി. ഭാഗ്യവതിയും പിതാവ് ഷാജിയും സത്യാഗ്രഹമിരിക്കുന്നത്.
ഡിവൈ.എസ്.പി സോജന് എസ്.പിയായി സ്ഥാനക്കയറ്റം നല്കിയ നടപടി പിന്‍വലിക്കുക, ക്രിമിനല്‍ കേസെടുക്കുക, ഐ.പി.എസ് പദവിയ്ക്കായി കേരള സര്‍ക്കാര്‍ നല്കിയ ശുപാര്‍ശ പിന്‍വലിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.
ജസ്റ്റിസ് കെമാല്‍ പാഷ രാവിലെ 10ന് സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് ഡിവൈ.എസ്.പി സോജന് പ്രമോഷന് നല്കുന്ന ഉത്തരവ് മാതാപിതാക്കള്‍ എറണാകുളം ബോട്ട് ജെട്ടിക്കടുത്തുള്ള സോജന്റെ ഓഫീസിന് മുന്നില്‍ കത്തിക്കും.
വാര്‍ത്തസമ്മേളനത്തില്‍ മാതാപിതാക്കള്‍, ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം ഭാരവാഹികളായ സി.ആര്. നീലകണ്ഠന്, വി.എം. മാഴ്സണ്‍, സലില്‍ ലാല്‍ അഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.