ന്യുഡൽഹി : വാളയാർ പീഡന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ ഉണ്ടായിരുന്ന പരാമർശം നീക്കം ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. എന്തിനാണ് പ്രോക്സി ഹർജി നൽകുന്നതെന്ന് കിഡ്സ് ഫോറത്തിനോട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ആരാഞ്ഞു. ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം ഉന്നയിച്ച ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.
വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിധിയിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയുമായി ബന്ധപ്പെട്ട പരാമർശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ 103-ാം പാരഗ്രാഫിലെ ചില പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാണ് ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി നല്ല പ്രവർത്തനം കാഴ്ചവെച്ചിട്ടും ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിധിയിൽ രേഖപ്പെടുത്തിയിരുന്നു. പ്രാഥമികഘട്ടത്തിലെ കേസ് അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നാണ് ഹൈക്കോടതി വിധിയിൽ രേഖപ്പെടുത്തിയിരുന്നത്. ഈ പരാമർശം നീക്കം ചെയ്യണം എന്നായിരുന്നു കിഡ്സ് ഫോറത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പരാമശങ്ങൾക്ക് എതിരെ അവരല്ലേ കോടതിയിൽ എത്തേണ്ടതെന്ന് ജസ്റ്റിസ് മാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് ആരാഞ്ഞു.
ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറത്തിന്റെ അഭിഭാഷകൻ ഹർജി പിൻവലിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിമർശനങ്ങളും ഹൈക്കോടതി വിധിയിലെ 103-ാം ഖണ്ഡികയിൽ ഉണ്ടായിരുന്നു. ഈ അന്വേഷണ ഉദ്യോഗസ്ഥൻ പോലീസ് സേനയ്ക്ക് ആകെ അവമതിപ്പുണ്ടാക്കുമെന്നും ഹൈക്കോടതി വിധിയിൽ രേഖപ്പെടുത്തിയിരുന്നു.