തിരുവനന്തപുരം : ഫ്‌ളക്‌സ് നിരോധനവും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രചരണവും വന്നതോടെ മുന്‍കാലങ്ങളില്‍ എന്നതുപോലെ ചുവരുകളില്‍ വീണ്ടും മഷി തെളിയുകയാണ്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ തെരഞ്ഞെടുപ്പ് കാലം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ചുവരെഴുത്ത് തൊഴിലാളികൾ. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സ്‌ഥാനാര്‍ഥി പ്രഖ്യാപനം തുടങ്ങിയതോടെ ചുവരെഴുത്തുകള്‍ സജീവമായി.
ഫ്‌ളക്സ് ബോര്‍ഡുകള്‍ വ്യാപകമായത് മുതല്‍ തെരഞ്ഞെടുപ്പുകളില്‍ ചുവരെഴുത്തുകള്‍ കുറഞ്ഞിരുന്നു. ചുവരെഴുത്ത് ജോലി ചെയ്‌തിരുന്നവര്‍ ജീവിത മാര്‍ഗ്ഗത്തിനായി മറ്റു ജോലികള്‍ തേടി പോവുകയും പുതിയ ആളുകള്‍ ഈ മേഖലയിലേയ്‌ക്ക് വരാതാവുകയും ചെയ്‌തതോടെ ചുവരെഴുത്തുകള്‍ കാണാതായി.
എന്നാല്‍ ഇപ്പോള്‍ ചുവരെഴുത്തുകള്‍ വീണ്ടും സജീവമായി തുടങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞാല്‍ ചുവരെഴുത്ത് മേഖല വിണ്ടും പഴയ അവസ്‌ഥയിലേക്ക് മടങ്ങുമോയെന്ന ആശങ്കയിലാണ് കലാകാരന്‍മാര്‍. ഫ്‌ളക്‌സ് നിരോധിച്ചെങ്കിലും തുണി പ്രിന്‍റിംഗിന് ആവശ്യക്കാര്‍ ഏറുന്നത് ചുവരെഴുത്തുകാര്‍ക്ക് വെല്ലുവിളിയാണ്.