കോഴിക്കോട്: പ്രതിപക്ഷത്തിന്റെയും മതേതര പാർട്ടികളുടെയും കൂട്ടായ്മകളുടെയും ശക്തമായ എതിർപ്പ് വകവെക്കാതെ, നിലവിലെ വഖഫ് നിയമങ്ങളിൽ അടിമുടി മാറ്റം വരുത്തി കേന്ദ്ര സർക്കാർ ഭരണഘടനാ വിരുദ്ധമായ നിയമം അടിച്ചേൽപിച്ചതിൽ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഏപ്രിൽ 15ന് കോഴിക്കോട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 15ന് ചൊവ്വാഴ്ച വൈകുന്നേരം 4ന് കോഴിക്കോട് ബീച്ചിൽ പ്രതിഷേധ പ്രകടനമായി ചെന്ന് വിവാദ നിയമത്തിന്റെ കോപ്പികൾ കടലിൽ വലിച്ചെറിയും. പാർട്ടി സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളും പോഷക ഘടങ്ങളുടെ സാരഥികളും പാർട്ടി പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. രാഷ്ട്രീയ, സാംസ്കാരിക മേഖകളിലെ പ്രമുഖരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കുമിടയിൽ അകൽച്ച സൃഷ്ടിക്കാനും പരസ്പരം തല്ലിക്കാനും സംഘ്പരിവാർ തുടങ്ങിവെച്ച ആസൂത്രിത നീക്കം ഇതിനകം തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ സംസ്ഥാനത്തിന്റെ മതനിരപേക്ഷ പൈതൃകവും ജനാധിപത്യ-മതസൗഹാർദ പാരമ്പര്യവും കളഞ്ഞുകുളിച്ച് ഒരു ‘വർഗീയവിപ്ലവം’ സൃഷ്ടിച്ചുകളയാം എന്ന വ്യാമോഹവുമായി സാമൂഹിക, രാഷ്ട്രീയാന്തരീക്ഷം കലുഷിതമാക്കാൻ ഇറങ്ങിത്തിരിച്ചവർക്കെതിരെ കേരളീയർ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കേണ്ട ചരിത്ര സന്ധിയാണിതെന്ന് ഐ.എൻ.എൽ ഓർമപ്പെടുത്തുന്നു. വാർത്താ സമ്മേളനത്തിൽ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ജന.സെക്രട്ടറി കാസിം ഇരിക്കൂർ, പാർട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് ശോഭ അബൂബക്കർ ഹാജി, ജന.സെക്രട്ടറി ഒ.പി അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.