തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുന്നുവെന്ന് കെ രാധാകൃഷ്ണൻ എം പി. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. മുസ്ലിം വിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഭൂരിപക്ഷ ജനങ്ങളെ കൊണ്ട് ചിന്തിപ്പിക്കണം. അങ്ങനെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണ് ബില്ലിനു പിന്നിൽ. ബില്‍ മത സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ബിൽ ഭരണഘടന, മൗലികാവകാശ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ ദുർബലപ്പെടുത്താൻ ആണ്.
അപകടകരമായ കീഴ് വഴക്കം ഈ ബിൽ സൃഷ്ടിക്കും. വഖഫ് ബോർഡുകളിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നത് മതപരമായ സ്വയംഭരണത്തിന് മേൽ നേരിട്ടുള്ള കടന്നാക്രമണം ആണ്. ദേവസ്വം ബോർഡിലുള്ള ഒരു അംഗത്തിന്റെ പേര് ക്രിസ്ത്യൻ സമുദായത്തിന്റേതാണെന്ന തെറ്റിദ്ധാരണയിൽ വലിയ കലാപം കേരളത്തിൽ ഉണ്ടായി. 1987 ലാണ് ഇതിൻറെ പേരിൽ ഒരു വലിയ സമരം നടന്നത്. മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ഈ ശ്രമത്തിനെതിരെ നാട് ഒറ്റക്കെട്ടായി നേരിടണം. ഹിറ്റ്ലറുടെ ഫാസിസം രീതിയെയും അദ്ദേഹം ഓർമിപ്പിച്ചു.