തിരുവനന്തപുരം : വഖഫ് ബോർഡിന്റെ അധിനിവേശത്തിന്റെ കഥകൾ പലസ്ഥലങ്ങളിലും ആശങ്കയായി ഉയർന്നുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്തുള്ള സ്ഥലങ്ങളിലും ചേലക്കര മണ്ഡലത്തിലെ ഒരു സ്ഥലത്തും വഖഫിന്റെ അധിനിവേശ ഭീഷണി ഉയർന്നിരിക്കുകയാണ്. ചേലക്കരയിൽ ഒരു മുസ്ലിം പള്ളി തന്നെ വഖഫിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. മഹല്ല് കമ്മിറ്റി ചേലക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയോട് ഇക്കാര്യങ്ങൾ സംസാരിച്ചിരിക്കുന്നു. എല്ലാ മതങ്ങൾക്കും എല്ലാ മതവിശ്വാസികൾക്കും ഈ അധിനിവേശം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വ്യാപകമായ രീതിയിൽ വഖഫിന്റെ അധിനിവേശം സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ചിട്ടും എൽഡിഎഫും യുഡിഎഫും പ്രതികരിക്കുന്നില്ല. രണ്ടു മുന്നണികളും വഖഫിന്റെ അധിനിവേശത്തിനോടൊപ്പമാണെന്ന് വ്യക്തമാണ്. നിയമസഭയിൽ അവർ ഐക്യകണ്ഠേന പ്രമേയം പാസാക്കി കഴിഞ്ഞിരിക്കുകയാണ്.
ജനങ്ങളുടെ സ്വത്തവകാശത്തിനുമേൽ ഉന്നയിക്കപ്പെട്ടിരിക്കുന്ന ഈ അധിനിവേശത്തിന് മുമ്പിൽ വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നിടത്തിൽ ഇടത് വലത് മുന്നണികൾ സന്ധി ചെയ്യുകയാണ്. കൽപ്പാത്തിയിലും നൂറണിയിലും ധോണിയിലുമെല്ലാമുള്ള അഗ്രഹാരങ്ങൾ വഖഫിന്റെ അധിനിവേശ ഭീഷണി നേരിടുകയാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെപ്പോലെ തന്നെ കേരളവും ഈ ഭീഷണിയിൽ തന്നെയാണ്. കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിലെ ഒരു വിഭാഗം കോൺഗ്രസുമായി അഡ്ജസ്റ്റ് ചെയ്യുകയാണ്. സിപിഎമ്മിലെ ഈ വിഭാഗത്തിന് നൽകാനാണോ കള്ളപ്പണം കൊണ്ടുവന്നതെന്ന് അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.