തിരുവനന്തപുരം : വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാനുളള തീരുമാനം ഇപ്പോള്‍ നടപ്പിലാക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിനോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നാല് മൊല്ലാക്കമാരും വര്‍ഗീയ ശക്തികളും പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ കീഴടങ്ങിയെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ശബരിമല വിഷയത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ വഖഫ് വിഷയത്തില്‍ ഒരു രാത്രി കൊണ്ട് നിലപാട് മാറ്റിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ദേവസ്വം മന്ത്രിയായ കെ രാധാകൃഷ്ണന്‍ നല്ല മന്ത്രി ആണെങ്കിലും വിശ്വാസം ഇല്ലാത്ത മന്ത്രിയാണ്. എന്നാല്‍ വഖഫ് ബോര്‍ഡ് പിണറായി വിശ്വാസിയായ മന്ത്രിക്ക് നല്‍കി. പച്ചയായ വര്‍ഗീയ ധ്രുവീകരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും പിണറായിക്ക് ലക്ഷ്യം വോട്ടു ബാങ്ക് മാത്രമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. സമ്മര്‍ദ്ദ ശക്തികളുടെ ഇടപെടലാണ് പിണറായി വിജയന്റെ എല്ലാ തീരുമാനങ്ങളിലും കാണുന്നത്. വര്‍ഗീയ ശക്തികളുടെ താല്‍പര്യം മുന്‍നിര്‍ത്തി വോട്ടുബാങ്ക് ലക്ഷ്യം വെച്ചാണ് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
തലശ്ശേരിയില്‍ ബിജെപിക്കാരെ അറസ്റ്റ് ചെയ്തപ്പോള്‍ കൊച്ചു കുട്ടികളുടെ മേല്‍ ഭീകരവാദികള്‍ ബാബറി ബാഡ്ജ് കുത്തിയത് കണ്ടില്ലെന്ന് നടിക്കുകയാണ്. താലിബാന്‍ മോഡലാണ് എല്‍ഡിഎഫ് സര്‍ക്കാരിന് സ്വീകാര്യം. ശബരിമലയില്‍ ഹിന്ദുവിനെതിരെ നിലകൊണ്ടപ്പോള്‍ വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗ് അടക്കമുള്ള വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുകയാണ്. എല്ലാ തീരുമാനങ്ങളിലും ജനങ്ങളെ വിവേചനത്തിലൂടെ കാണുന്ന പിണറായി സര്‍ക്കാര്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്.
തീരുമാനങ്ങളില്‍ ആത്മാര്‍ത്ഥതയില്ലാതെ തൊലിക്കട്ടിയുടെ കാര്യത്തില്‍ പിണറായി വിജയന്‍ കണ്ടാമൃഗത്തെ തോല്‍പ്പിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ തീരുമാനം പിന്‍തുടര്‍ന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും പെട്രോള്‍-ഡീസല്‍ നികുതി കുറച്ചപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നികുതി കുറക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. പെട്രോള്‍-ഡീസല്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളത്ത് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.