പത്തനംതിട്ട : കെഎസ്ഇബി ലിമിറ്റഡിന്റെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് 192.63 മീറ്ററില്‍ എത്തിയപ്പോള്‍ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 51.36 ക്യൂമെക്ക്‌സ് എന്ന നിരക്കില്‍ കക്കാട്ടാറിലേക്ക് ജലം തുറന്നുവിട്ടിട്ടുണ്ട്.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ഇന്ന് മുതല്‍ (സെപ്റ്റംബര്‍ 21) അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 101.49 ക്യൂമെക്ക്‌സ് എന്ന നിരക്കില്‍ കക്കാട്ടാറിലേക്ക് ജലം തുറന്നു വിടും.
ഇപ്രകാരം കക്കാട്ടാറിലേക്ക് ജലം തുറന്നുവിടുന്നതു മൂലം ആങ്ങമൂഴി, സീതത്തോട് എന്നിവിടങ്ങളിലെ നദികളില്‍ ഒരു മീറ്റര്‍ വരെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്.
(മൂഴിയാര്‍ അണക്കെട്ടില്‍ നിന്നും തുറന്ന് വിടുന്ന ജലം ആങ്ങമൂഴിയില്‍ രണ്ടു മണിക്കൂറിന് ശേഷമാണ് എത്തിച്ചേരുക.)
ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും, ഏതു സാഹചര്യത്തിലും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.
കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍, 2020 സെപ്റ്റംബര്‍ 21 മുതല്‍ 30 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 976.91 മീറ്റര്‍ ആണ്.
കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 974.91 മീറ്റര്‍, 975.91 മീറ്റര്‍, 976.41 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോളാണ്. ഇന്ന് (സെപ്റ്റംബര്‍ 21) വൈകിട്ട് മൂന്നു മണിക്ക് റിസര്‍വോയറിന്റെ ജലനിരപ്പ് 974.69 മീറ്ററില്‍ എത്തിയിട്ടുണ്ട്.
റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍, റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും, കാലാവസ്ഥ പ്രവചനം പ്രകാരം വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുമെന്നതിനാലും ഇന്ന് (സെപ്റ്റംബര്‍ 21) വൈകിട്ട് അഞ്ചു മണിക്ക് റിസര്‍വോയറിലെ ജലനിരപ്പ് 974.91 മീറ്ററില്‍ എത്തിച്ചേരാനുള്ള സാധ്യതയുള്ളതിനാലും കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം നീല അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.
റിസര്‍വോയറിലെ ജലനിരപ്പ് 975.91 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കും. മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുകയും ജനപ്രതിനിധികളെ അറിയിക്കുകയും ചെയ്യും.
ജലനിരപ്പ് 976.41 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കും. മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുകയും, താഴ്ന്ന പ്രദേശ ങ്ങളില്‍ നിന്നും ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്യും.