ഒരുതരം ട്രാക്കിംഗ് ഉപകരണമാണ് ആപ്പിള്‍ എയർടാഗുകള്‍. നിങ്ങളുടെ സ്വകാര്യ വസ്‍തുക്കളായ കീകൾ, ബാഗുകൾ മുതലായവ എളുപ്പത്തിൽ കണ്ടെത്തുന്നതിന് ബ്ലൂടൂത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആപ്പിൾ എയർ ടാഗുകൾ ഒരു ട്രാക്കിംഗ് ഉപകരണമായി ഉപയോഗിക്കുന്നു. ഇപ്പോഴിതാ മോഷ്ടിച്ച കാറുകൾ ട്രാക്ക് ചെയ്യാൻ സഹായിക്കുന്നതിന് ജനങ്ങള്‍ക്ക് സൗജന്യ എയർടാഗുകൾ നൽകുകയാണ് ഒരു നഗരം. അമേരിക്കയുടെ തലസ്ഥാന നഗരമായ വാഷിംഗ്‍ടൺ ഡിസിയിലെ മേയർ മ്യൂറിയൽ ബൗസർ ആണ് ഈ പുതിയ പ്രോഗ്രാം ആരംഭിച്ചത്. നഗരത്തിലെ പൗരന്മാർക്ക് തികച്ചും സൗജന്യമായി ആപ്പിൾ എയർ ടാഗുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. അതുവഴി നഗരത്തിലെ കാർ മോഷണ സംഭവങ്ങൾ തടയാൻ കഴിയും എന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
ആപ്പിൾ എയർടാഗിന്‍റെ പ്രവര്‍ത്തനം ഇങ്ങനെ
ഫൈൻഡ് മൈ നെറ്റ്‌വർക്കിലെ സമീപത്തുള്ള ഉപകരണങ്ങൾക്ക് കണ്ടെത്താനാകുന്ന ബ്ലൂടൂത്ത് സിഗ്നൽ എയർ ടാഗ് അയയ്‌ക്കുന്നു. ഈ ഉപകരണം ഐക്ലൗഡിലേക്ക് എയർടാഗിന്റെ ലൊക്കേഷൻ അയയ്‌ക്കുന്നു. ഫൈൻഡ് മൈ ആപ്പിലൂടെ ട്രാക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് അത് മാപ്പിൽ തത്സമയം കാണാനാകും. ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത്, ഈ മുഴുവൻ പ്രക്രിയയും രഹസ്യാത്മകവും എൻക്രിപ്റ്റ് ചെയ്‍തതുമാണെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
വാഷിംഗ്‍ടണ്‍ ഡിസിയിലെ ടാഗ് വിതരണ പരിപാടിയിൽ ടാഗുകൾ ഇൻസ്റ്റാൾ ചെയ്യാനും പൗരന്മാരുടെ ഫോണുകളിൽ രജിസ്റ്റർ ചെയ്യാനും പോലീസ് ഉദ്യോഗസ്ഥർ സഹായിക്കും. ആപ്പിൾ എയർ ടാഗ് വാഹനത്തിന്റെ ഏത് ഭാഗത്തും മറയ്‌ക്കാനും രജിസ്റ്റർ ചെയ്ത ഫോണിൽ നിന്ന് ട്രാക്ക് ചെയ്യാനും കഴിയും. മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങൾ പോലെ, ഇത് ഫൈൻഡ്മൈ സേവനത്തിലേക്ക് കണക്റ്റുചെയ്‌ത് പ്രവർത്തിക്കുന്നു. ഈ ഉപകരണത്തിന്‍റെ അമേരിക്കയിലെ വില ഏകദേശം 30 ഡോളർ ആണ്. ഏകദേശം 3,490 രൂപ മുതലാണ് ഇന്ത്യൻ വിപണിയിൽ ഈ ഉപകരണത്തിന്റെ വില. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് ഈ വർഷം ആദ്യം സമാനമായ ഒരു പ്രോഗ്രാം നടത്തുകയും 500 ടാഗുകൾ വിതരണം ചെയ്യുകയും ചെയ്‍തിരുന്നു.