പത്തനംതിട്ട : മാലിന്യ ശേഖരണത്തിന്റെ പേരില്‍ പത്തനംതിട്ട നഗരസഭയില്‍ നടക്കുന്നത് പകല്‍ കൊള്ള. ഒരു ചാക്ക് അജൈവ മാലിന്യം സ്വീകരിക്കുന്നതിന് 60 രൂപ വീതം നഗരവാസികളില്‍ നിന്നും പിടിച്ചുപറിക്കുകയാണ് സ്വകാര്യ ഏജന്‍സിയും ഹരിതകര്‍മ്മസേനയും.
പത്തനംതിട്ട നഗരസഭയിലെ മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും ക്രിസ് ഗ്ലോബല്‍ എന്ന സ്വകാര്യ ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്കുവേണ്ടി വീടുകളില്‍ എത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത് മൂന്നുപേര്‍ അടങ്ങുന്ന ഹരിതകര്‍മ്മസേനയാണ്. മേല്‍നോട്ടം വഹിക്കുവാന്‍ എട്ടു വാര്‍ഡുകള്‍ക്ക് ഒരു സൂപ്പര്‍വൈസറും ഉണ്ടാകും.
ക്രിസ് ഗ്ലോബല്‍ ഏജന്‍സിയാണ് ഇവരെ നിയമിച്ചിരിക്കുന്നത്. വീടുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ മാത്രമേ ഇവര്‍ ശേഖരിക്കുകയുള്ളു. ഒരു വീടിന് മാസം 60 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ്. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ഓരോ മാസവും പ്രത്യേകമായി ഗ്ലാസ്, തുകല്‍, വിവിധ തരത്തിലുള്ള മാലിന്യങ്ങളും ശേഖരിക്കും. ഇതിനൊന്നും അധികപണം നല്‍കേണ്ടതില്ല. എന്നാല്‍ വന്‍തോതില്‍ മാലിന്യം ഉണ്ടെങ്കില്‍ അതിന് അധിക നിരക്കുകള്‍ നല്‍കേണ്ടിവരും.
എന്നാല്‍ പത്തനംതിട്ട നഗരസഭയില്‍ മാലിന്യം ശേഖരിക്കുന്നതിന് ഒരു ചാക്കിന് 60 വീതം ഈടാക്കി കൊള്ള നടത്തുകയാണ് സ്വകാര്യ ഏജന്‍സിയും ഹരിതകര്‍മ്മ സേനയും. മിക്ക വീടുകളിലും മാലിന്യം നല്‍കുന്നത് കൊച്ചു പ്ലാസ്റ്റിക് ചാക്കുകളിലോ അരി വാങ്ങുന്ന സഞ്ചികളിലോ ആണ്.
വലിയ ഒരു ചാക്കില്‍ നിറക്കേണ്ട മാലിന്യം സൌകര്യത്തിനുവേണ്ടി ഒന്നിലധികം ചെറിയ ചാക്കുകളില്‍ നിറച്ചാണ് പലരും നല്‍കുന്നത്. ഇപ്രകാരമുള്ള ഒരു കെട്ടിന് 60 രൂപ വീതം ഈടാക്കി നഗരവാസികളെ കൊള്ളയടിക്കുകയാണ് ഹരിതകര്‍മ്മസേന.
ചോദ്യം ചെയ്യുന്നവരോട് വളരെ ധിക്കാരപരമായ സമീപനമാണ് ഹരിതകര്‍മ്മസേനയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. സര്‍ക്കാരിന്റെയും നഗരസഭയുടെയും മാലിന്യ സംസ്കരണ പദ്ധതിയോട് ജനങ്ങള്‍ സഹകരിക്കുവാന്‍ തയ്യാറാണ്. എന്നാല്‍ ഇത് ജനങ്ങളെ കൊള്ളയടിക്കുവാനുള്ള അവസരമാക്കി മാറ്റുകയാണ് സ്വകാര്യ എജന്‍സി.
നഗരവാസികളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ് പറഞ്ഞു. മാലിന്യ ശേഖരണത്തിന് വീടുകളില്‍ എത്തുന്ന ഹരിതകര്‍മ്മ സേനാംഗങ്ങളുടെ മാന്യമല്ലാത്ത പെരുമാറ്റം അനുവദിക്കില്ല.
ഇത്തരം ആളുകളെ ജോലിയില്‍നിന്നും ഒഴിവാക്കും. ക്രിസ് ഗ്ലോബല്‍ ഏജന്‍സിയോട് വിശദീകരണം തേടിയിട്ടുണ്ട്. മാലിന്യ ശേഖരണത്തിന്റെ നിരക്കില്‍ വ്യക്തത വരുത്തുമെന്നും മാലിന്യ ശേഖരണത്തിന്റെ പേരില്‍ നഗരവാസികളെ കൊള്ളയടിക്കുവാന്‍ ആരെയും അനുവദിക്കില്ലെന്നും ജറി അലക്സ് പറഞ്ഞു.