ബാലുശ്ശേരി : കോഴിക്കോട് കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തില്‍ ആശുപത്രി മാലിന്യവുമായെത്തിയ ലോറി തടഞ്ഞ് നാട്ടുകാര്‍. വ്യവസായ വികസന കേന്ദ്രത്തിലെ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റിലേക്ക് മാലിന്യവുമായെത്തിയ ലോറിയാണ് നാട്ടുകാര്‍ തടഞ്ഞു തിരിച്ചയച്ചത്. പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം ആശുപത്രിയില്‍നിന്ന് ഒഴിവാക്കുന്ന ഓക്സിജന്‍ മാസ്ക്, ഐ.വി സെറ്റ് എന്നിവയടങ്ങിയ മാലിന്യച്ചാക്കുകളാണ് ലോറിയിലുള്ളതെന്ന് അറിഞ്ഞതോടെയാണ് നാട്ടുകാര്‍ ലോറി തടഞ്ഞത്. സംഭവമറിഞ്ഞ് ബാലുശ്ശേരി എസ്ഐ റഫീഖിന്റെ നേതൃത്വത്തില്‍ പോലീസും പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി കെ പണിക്കര്‍, റംല വെട്ടത്ത്, ഹരീഷ് ത്രിവേണി, റിജു പ്രസാദ് എന്നിവരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തോമസ് മാത്യുവും സ്ഥലത്തെത്തി.
ലോറിയില്‍ കൊണ്ടുവന്ന മാലിന്യം തിരിച്ചയക്കുകയും ആറു ദിവസത്തിനുള്ളില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റിലെ വൃത്തിഹീനമായ പരിസരം ശുചീകരിക്കാനും ഇത്തരം മാലിന്യങ്ങള്‍ സൂക്ഷിക്കാനായി പ്രത്യേക യാര്‍ഡ് നിര്‍മിക്കാനും പ്ലാന്റ് ഉടമസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മുമ്പും പ്ലാന്റിലേക്ക് ഇത്തരം മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഇവ അശ്രദ്ധയോടെയും പ്ലാന്റിലെ കോമ്പൗണ്ടിനുള്ളില്‍ ഇറക്കിവെച്ചിട്ടുള്ളത്. മഴ കനത്തതോടെ മാലിന്യം കലര്‍ന്ന വെള്ളം പുറത്തേക്ക് ഒഴുകി താഴെയുള്ള പൊതുജല സ്രോതസ്സുകളില്‍ കലര്‍ന്നു പരിസരം മലിനമാകുന്നതായി നാട്ടുകാര്‍ ആരോപിച്ചു.