പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മികച്ച രീതിയിൽ പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റി ഓഡിറ്റിംഗ് പ്രവർത്തനം പൂർത്തിയാക്കിയ കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്എൻഡിപി യോഗം കോളേജിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. കോളേജുകളിലും സ്കൂളുകളിലും സജീവമായി പ്രവർത്തിക്കുന്ന ഭൂമിത്ര സേന ക്ലബ്ബുകളിലൂടെയാണ് സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ട്രേറ്റ് ശുചിത്വ മിഷനുമായി ചേർന്ന് പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്മെന്റ് സംവിധാനങ്ങളുടെ ഓഡിറ്റിംഗ് നടത്തിയത്. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ട്രേറ്റിന് കീഴിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂമിത്രസേന ക്ലബ്ബുകളിൽ പ്രവർത്തിക്കുന്നത്.
2025 ജനുവരി മാസത്തിലായിരുന്ന സംസ്ഥാന വ്യാപകമായി ഓഡിറ്റിംഗ് പ്രവർത്തനം നടന്നത്. ഇതിലൂടെ വീടുകളിൽ നിന്ന് ഹരിത കർമ്മസേന അംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം തരംതിരിക്കുന്നതിനെക്കുറിച്ചും തരംതിരിച്ച പ്ലാസ്റ്റിക്ക് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിന് മുമ്പ് നടത്തുന്ന പ്രക്രിയകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അടുത്തറിയാൻ സാധിച്ചു. പ്രധാനമായി ജില്ലയിലെ എംസിഎഫുകളിലായിരുന്നു ഭൂമിത്രസേന അംഗങ്ങളുടെ ഓഡിറ്റിംഗ് നടന്നത്. കോന്നി മേഖലയിലെ എംസിഎഫുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും സഹോദരൻ അയ്യപ്പൻ സ്മാരക എസ്എൻഡിപി യോഗം കോളേജ് ഭൂമിത്രസേന യൂണിറ്റ് പ്രവർത്തിച്ചിരുന്നത്.
എറണാകുളം സെന്റ് തെരേസാസ് കോളേജിനെയും കൊല്ലം ടികെഎം ആർട്സ് ആൻഡ് സയൻസ് കോളേജിനെയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്എൻഡിപി യോഗം കോളേജിന്റെ മിന്നും വിജയം. സംസ്ഥാനത്തെ മികച്ച ഭൂമിത്ര സേന കോ ഓർഡിനേറ്റർക്ക് ഉളള പുരസ്കാരം കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്എൻഡിപി യോഗം കോളേജിലെ ഭൂമിത്രസേന കോ ഓർഡിനേറ്റർ വി എസ് ജിജിത്ത് നേടി. ജില്ല ശുചിത്വ മിഷന്റെ ഭാഗത്ത് നിന്ന് ഓഡിറ്റിംഗ് പ്രവർത്തനങ്ങളുടെ ഫീൽഡ് മോണിറ്ററായി പ്രവർത്തിച്ചത് കോന്നി ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ അശ്വതി വിജയനായിരുന്നു. പത്തനംതിട്ട ജില്ലയിലെ പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റി ഓഡിറ്റിംഗിന്റെ ചുമതല ജില്ല ശുചിത്വ മിഷൻ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് എസ്സിനായിരുന്നു.