പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ നടപ്പാതകൾ കയ്യേറി അനധികൃത വ്യാപാരം നടത്തി വന്നവരെ നഗരസഭ ഒഴിപ്പിച്ചുതുടങ്ങി. ഇതിന്റെ ഭാഗമായി കണ്ണങ്കര, കെഎസ്ആർടിസി ബസ് സ്റ്റേഷൻ ഭാഗം, അബാൻ ജംഗ്ഷൻ, അഴൂർ, പോലീസ് സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലെ അനധികൃത മീൻ തട്ടുകളും മറ്റ് ചെറുകിട തട്ടുകടകളും എടുത്തുമാറ്റി. വരുംദിവസങ്ങളിൽ നഗരത്തിലെ മറ്റു പ്രദേശങ്ങളിലുള്ള അനധികൃത കടകളും ഒഴിപ്പിക്കുന്ന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
നഗരത്തെ സമ്പൂർണ്ണ മാലിന്യ വിമുക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും സമയാസമയങ്ങളിൽ അറിയിപ്പുകൾ നൽകിയിരുന്നു. എന്നിട്ടും ഇതിനോട് സഹകരിക്കാതെ നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന മീൻ കടകളിൽ നിന്നും കോഴിക്കടകളിൽ നിന്നും ഉള്ള മാലിന്യങ്ങൾ പാതവക്കില്‍ വലിച്ചെറിയുകയാണ്. നിരത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ രാത്രികാല സ്ക്വാഡ് പ്രവർത്തനമാരംഭിക്കുമെന്ന് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് പറഞ്ഞു.