പത്തനംതിട്ട : മാലിന്യമുക്ത ഹരിത പത്തനംതിട്ട പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളിലേക്കു കടക്കാന്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ക്ലീനിങ് ചലഞ്ചിന്റെയും ഭാഗമായി എല്ലാ വാര്‍ഡുകളും മാലിന്യമുക്തമാക്കിയിരുന്നു. മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ വൃത്തിയാക്കി നഗരസഭ പൂച്ചെടികള്‍ നടുകയും ചെയ്തു. കൂടാതെ ഒന്നാം ഘട്ടത്തില്‍ ബോധവല്‍ക്കരണ പരിപാടികളും നടത്തിയിരുന്നു.
എന്നാല്‍ മാലിന്യ മുക്തമാക്കിയ ചില സ്ഥലങ്ങളില്‍ വീണ്ടും മാലിന്യം നിക്ഷേപിക്കുന്നതായി കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പിഴയും പ്രോസിക്യൂഷനും അടക്കം കര്‍ശന നടപടികള്‍ നിയമ ലംഘകര്‍ക്കെതിരെ കൈക്കൊള്ളാനാണു തീരുമാനം. നഗരസഭാ പ്രദേശത്തു പ്രവര്‍ത്തിക്കുന്ന മത്സ്യ, കോഴിക്കടകള്‍ ഭൂരിഭാഗവും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്ന് ഹെല്‍ത്ത് കമ്മിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇത്തരം കടകള്‍ അടച്ചു പൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കും
വരും ദിവസങ്ങളില്‍ പരിശോധനയും ശിക്ഷാ നടപടികളും കര്‍ശനമാക്കുമെന്ന് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് അറിയിച്ചു. യോഗത്തില്‍ കൗണ്‍സിലര്‍മാരായ എം.സി ഷെറീഫ്, വി.ആര്‍ ജോണ്‍സണ്‍, സുമേഷ് ബാബു, നീനു മോഹന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാബു കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.