സൗദി : മലിനജല ടാങ്കില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ മരിച്ചു. റിയാദിലെ മന്‍ഫുഅ ഡിസ്ട്രിക്റ്റിലുണ്ടായ സംഭവത്തില്‍ രണ്ട് സൗദി പൗരന്മാരും രണ്ട് യമനികളും ഒരു ഈജിപ്തുകാരനുമാണ് മരിച്ചത്.
കെട്ടിടത്തിലെ മലിനജല ടാങ്ക് മാന്‍ഹോള്‍ ഹൈഡ്രോഫ്‌ളൂറിക് ആസിഡ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് ശ്രമിച്ച ഈജിപ്തുകാരനാണ് ആദ്യം അപകടം ഉണ്ടായത്. ടാങ്കില്‍ ഇറങ്ങിയ ഈജിപ്തുകാരന് ശ്വാസതടസം നേരിട്ടു. ഇതോടെ ഇയാളെ രക്ഷിക്കുന്നതിനായി ടാങ്കില്‍ ഇറങ്ങിയ യമനികളും ശ്വാസംമുട്ടി കുഴഞ്ഞുവീണു. പിന്നാലെ ഇരുവരെയും രക്ഷിക്കുന്നതിന് ശ്രമിച്ച മറ്റൊരു യമനിയും ടാങ്കില്‍ കുടുങ്ങി. ആ സമയത്ത് ഇതിലൂടെ കടന്നുപോയ സൗദി പൗരന്‍ വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുകയും ടാങ്കില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു.
അപകടത്തെ കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കും ടാങ്കിനകത്ത് വെച്ചുതന്നെ ശ്വാസംമുട്ടി കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ പിന്നീട് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റി.