ഇടുക്കി : കണ്ണംപടിയില്‍ ആദിവാസി യുവാവായ സരിന്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ താത്ക്കാലിക വാച്ചറുടെ മൊഴി. സരിന്‍ സജിയുടെ ഓട്ടോറിക്ഷയില്‍നിന്ന് കണ്ടെടുത്ത മാംസം മറ്റൊരിടത്തുനിന്ന് കണ്ടെത്തിയതാണെന്ന് കേസില്‍ അന്വേഷണം നടത്തുന്ന കോട്ടയം ഡിവിഷന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നീതു ലക്ഷ്മിക്ക് വാച്ചർ മൊഴി നല്‍കി. പ്രദേശവാസിയുടെ പറമ്പില്‍ നിന്ന് കണ്ടെത്തിയ മാംസം പിന്നീട് സജിയുടെ ഓട്ടോയില്‍ കൊണ്ടുവയ്ക്കുകയായിരുന്നുവെന്നാണ് വാച്ചറുടെ മൊഴി.
സംഭവം നടക്കുമ്പോള്‍ ആരോപണ വിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഈ വാച്ചറുമുണ്ടായിരുന്നു. ഉദ്യോഗസ്ഥനെതിരായ മൊഴി പുറത്തുവന്നതോടെ സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചിരുന്ന ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കാനായി ചില ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം കെട്ടിച്ചമച്ച കേസാണിതെന്നാണ് വ്യക്തമാകുന്നത്. ബി.കോം. ബിരുദധാരിയായ സരിന്‍ പി.എസ്.സി.യുടെ മൂന്ന് റാങ്ക് ലിസ്റ്റിലുണ്ട്. സംഭവത്തില്‍ ആരോപണ വിധേയനായ കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്ററായ അനില്‍ കുമാറിനെ നേരത്തെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് സ്ഥലംമാറ്റിയിരുന്നു.
കേസില്‍ ആദ്യം നല്‍കിയ മൊഴി അനില്‍ കുമാര്‍ നിര്‍ബന്ധിപ്പിച്ച് പറയിപ്പിച്ചതാണെന്നും വാച്ചര്‍ അന്വേഷണ ഉദ്യോഗസ്ഥയോട് വെളിപ്പെടുത്തിയിട്ടുണ്ട്. കേസ് പിടിക്കുന്നതിനായി അനില്‍ കുമാര്‍ കള്ളക്കേസ് എടുക്കുന്നതായി ഇതിനുമുമ്പും ആക്ഷേപം ഉയര്‍ന്നിരുന്നു. സെപ്റ്റംബര്‍ 29-നാണ് കാട്ടിറച്ചി വില്‍പ്പന നടത്തി എന്നാരോപിച്ച് ഫോറസ്റ്ററുടെ നേതൃത്വത്തില്‍ സരിന്‍ സജിയെ അറസ്റ്റു ചെയ്തത്. യുവാവിന്‍റെ ഓട്ടോറിക്ഷയില്‍നിന്ന് മ്ലാവിന്റേതെന്ന് കരുതുന്ന രണ്ട് കിലോ ഇറച്ചി കിട്ടിയെന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നത്. കസ്റ്റഡിയിലെടുത്ത സരിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ആദിവാസി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനുമുന്നില്‍ സരിന്‍ സജിയുടെ മാതാപിതാക്കളുടെ നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.