പത്തനംതിട്ട : ജലം വിതരണംചെയ്തതിന് ജല അതോറിറ്റിക്ക് ജില്ലയിൽ കുടിശ്ശിക ഇനത്തിൽ പിരിഞ്ഞുകിട്ടാനുള്ളത് 20 കോടിയിലേറെ രൂപ. സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൻതുക കുടിശ്ശികയുണ്ട്. കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളിലെ കണക്ഷൻ വിച്ഛേദിക്കാനൊരുങ്ങുകയാണ് ജല അതോറിറ്റി. വൻതുക കുടിശ്ശിക വരുത്തിയവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 24-ന് മുമ്പ് തുക അടച്ചില്ലെങ്കിൽ മുന്നറിയിപ്പ് കൂടാതെ കണക്ഷൻ വിച്ഛേദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമലയിലെ മാത്രം 17.83 കോടി രൂപ അടയ്ക്കാനുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രി മൂന്ന് കോടിയും പത്തനംതിട്ട റാന്നി മിനി സിവിൽ സ്റ്റേഷനുകൾ 1.11 കോടി രൂപയും നൽകാനുണ്ട്. കോന്നി മെഡിക്കൽ കോളേജ്-18 ലക്ഷം, കോഴഞ്ചേരി പഞ്ചായത്ത്-ഒമ്പത് ലക്ഷം, പത്തനംതിട്ട നഗരസഭ-4.38 ലക്ഷം, ആറന്മുള മിനി സിവിൽ സ്റ്റേഷൻ-രണ്ട് ലക്ഷം, മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ-9.8 ലക്ഷം, തിരുവല്ല റവന്യൂ ടവർ-7.67 ലക്ഷം, തിരുവല്ലയിലെ വിവിധ സർക്കാർ സ്കൂളുകൾ-ഒമ്പത് ലക്ഷം, കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ-1.35 ലക്ഷം, കടപ്ര വില്ലേജ് ഓഫീസ്-1.33 ലക്ഷം എന്നിങ്ങനെയാണ് വൻതുക കുടിശ്ശികയുള്ള മറ്റ് സ്ഥാപനങ്ങൾ.