ദില്ലി: യമുനാനദി കരകവിഞ്ഞ് ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങിയതോടെ നഗരത്തിലെ ജലവിതരണം പ്രതിസന്ധിയില്‍. ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചതും നഗരത്തിലെ ജലവിതരണം തടസ്സപ്പെട്ടതുമാണ് ജല പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. വെള്ളക്കെട്ടിലായ ഡല്‍ഹിയില്‍ വിദ്യാലയങ്ങള്‍ക്കുള്‍പ്പെടെ അടച്ചു. സ്‌കൂളുകള്‍, കോളേജുകള്‍, മെട്രോ സ്റ്റേഷനുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവയാണ് അടച്ചുപൂട്ടിയത്.
സ്ഥിതിഗതികള്‍ വഷളായതോടെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാസിറാബാദ് ജലശുദ്ധീകരണ പ്ലാന്റിന്‍ അടിയന്തര സന്ദര്‍ശനം നടത്തി. നഗരത്തിലെ മൂന്ന് ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചുപൂട്ടേണ്ടി വന്നതാണ് തിരിച്ചടിയായതെന്ന് കെജ്രിവാള്‍ പറഞ്ഞു. അപകടകരമായ പ്രതിസന്ധി പരിഹരിക്കാന്‍ ഹരിയാനയിലെ ഹഥിനിക്കുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.