കോട്ടയം: വൈക്കത്ത് ആറ്റില്‍ ചാടിയ യുവതികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ചാടിയത് കഴിഞ്ഞദിവസം ചടയമംഗലത്തുനിന്നും കാണാതായവരെന്ന് സംശയിക്കുന്നു. വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ യുവതികള്‍ക്കായുളള തിരച്ചിലാണ് പുനരാരംഭിച്ചത്.
കഴിഞ്ഞദിവസം തിരച്ചില്‍ താല്‍ക്കാലികമായി നിറുത്തിവെച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെയോടെ വീണ്ടും തുടരുകയായിരുന്നു. മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പടെയുളള സംവിധാനങ്ങളോടെയാണ് തിരച്ചില്‍. രണ്ട് യുവതികള്‍ ആറ്റില്‍ ചാടിയെന്ന് സമീപത്ത് താമസിക്കുന്നവരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം രാത്രി വൈകി തിരച്ചില്‍ നിറുത്തിവെയ്ക്കുകയായിരുന്നു. പാലത്തിന് സമീപത്തുനിന്ന് യുവതികളുടേതെന്ന് കരുതുന്ന ചെരിപ്പുകളും കര്‍ചീഫും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം കൊല്ലം ജില്ലയിലെ ചടയമംഗലത്തുനിന്ന് കാണാതായ യുവതികളാണ് ആറ്റില്‍ ചാടിയതെന്നാണ് സംശയിക്കുന്നത്. ഇരുപത്തൊന്നു വയസുളളവരും അടുത്ത സുഹൃത്തുക്കളുമായ ആയൂര്‍, അറയ്ക്കല്‍ സ്വദേശികളെയാണ് കാണാതായത്. എന്നാല്‍ ആറ്റില്‍ ചാടിയത് ഇവര്‍ തന്നെയാണോ എന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് പോലീസ് പറയുന്നു.