തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് തമിഴ്‌നാടിനോട് കേരളം. തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നത യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്. അധിക ജലം നിലവില്‍ ഇടുക്കി ഡാമില്‍ ഉള്‍ക്കൊള്ളാനാകില്ലെന്നും കേരളം വ്യക്തമാക്കി. ഉടന്‍ മറുപടി അറിയിക്കാമെന്ന് തമിഴ്‌നാട് പൊതുമരാമത്ത് സെക്രട്ടറി യോഗത്തില്‍ അറിയിക്കുകയും ചെയ്തു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കേരളം.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന നിലപാടില്‍ കേരളം ഉറച്ചുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേരളവുമായി നന്നായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തേക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍.
കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പു വര്‍ധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോടു കേരളം ആവശ്യപ്പെട്ടു.