തിരുവല്ല : കനത്തമഴയെ തുടർന്ന് പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നത് താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകളെ വെള്ളപ്പൊക്ക ഭീഷണിയിലാക്കി. മണിമലയാറിന്റെ തീരത്തുള്ള മംഗലശ്ശേരി, അടമ്പട കോളനികളും പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ, കോമങ്കേരിച്ചിറ, വേങ്ങൽ, ആലംതുരുത്തി തുടങ്ങിയ പ്രദേശങ്ങളും നിരണം, കടപ്ര, കുറ്റൂർ, നെടുമ്പ്രം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളുമാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. കനത്തമഴ മുന്നറിയിപ്പ് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. നദികളിലും പാടശേഖരങ്ങളിലും ഇടത്തോടുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറഞ്ഞു. ചില പ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം നിലച്ചു.
പെരിങ്ങര – ചാത്തങ്കരി, പെരിങ്ങര -കാരയ്‌ക്കൽ എന്നീ റോഡുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിനിടെ മൂന്നാമത്തെ വെള്ളപ്പൊക്കമാണിത്. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തിരുവല്ല താലൂക്കിലാകമാനം ജാഗ്രതാ നിർദ്ദേശം നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. വെള്ളം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. അടിയന്തര സഹായത്തിന് താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ഫോൺ : 0469 2601303.