തൃശൂര്‍ : പീച്ചിയില്‍ പുതിയ 20 എം എല്‍ ഡി ശേഷിയുള്ള ജല ശുദ്ധീകരണശാല നിര്‍മ്മാണം അവസാന ഘട്ടത്തില്‍. 14.5 ദശലക്ഷവും 36 ദശലക്ഷവും ശേഷിയുള്ള രണ്ട് ശുദ്ധീകരണ ശാലകളില്‍ ശുദ്ധീകരിച്ചാണ് പീച്ചി ഡാമിലെ വെള്ളം തൃശൂര്‍ നഗരത്തില്‍ എത്തുന്നത്. എന്നാല്‍ വര്‍ധിച്ചു വരുന്ന ജല ആവശ്യകത നിറവേറ്റാന്‍ ഇത് അപര്യാപ്തമാണ്. 2050 വരെയുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പീച്ചിയില്‍ പ്രതിദിനം 20 ദശ ലക്ഷം ശുദ്ധീകരണ ശേഷിയുള്ള പുതിയ പ്ലാന്റ് വിഭാവനം ചെയ്തിരിക്കുന്നത്.
17.3 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 3000 ഏക്കര്‍ വൃഷ്ടി പ്രദേശം ഉള്‍കൊള്ളുന്ന ഡാം ജലസേചന ആവശ്യത്തിനാണ് നിര്‍മ്മിച്ചത്. ഇതേ ഡാമില്‍ നിന്നാണ് തൃശ്ശൂര്‍ കോര്‍പറേഷന് സമീപമുള്ള 9 പഞ്ചായത്തുകളും കേരി, മെഡിക്കല്‍ കോളേജ്, അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളും കുടിവെളളം ലഭ്യമാക്കുന്നത്.
മുകുന്ദപുരം, തൃശൂര്‍, തലപ്പിള്ളി, ചാവക്കാട്, താലൂക്കുകളിലായി 17555 ഹെക്ടര്‍ കൃഷി ഭൂമിയുടെ ജലസേചന ആവശ്യത്തിനായി നിര്‍മ്മിച്ചിട്ടുള്ള ഇടതു – വലതു കര കനാലുകളുടെ ജല ഉപയോഗത്തിന് ശേഷവും 12 ദശലക്ഷം ഘന അടിവെള്ളം കുടിവെള്ള ആവശ്യത്തിനായി ഉപയോഗിക്കാം എന്ന രീതിയിലാണ് കുടിവെള്ള ജലസേചന പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ പരമാവധി 75 ദശലക്ഷം ലിറ്റര്‍ പ്രതിദിനം കുടിവെള്ള ആവശ്യത്തിന് ഉപയോഗിക്കാനുള്ള സാധ്യതയാണ് ഉള്ളത്.