റാന്നി: മന്ദമരുതി വെച്ചൂച്ചിറ റോഡിലെ കണ്ണങ്കരയ്ക്കു സമീപം ഉള്ള വെള്ളക്കെട്ടു മൂലം പണി കിട്ടിയത് വഴി യാത്രക്കാർക്ക്. സ്വകാര്യ വ്യക്തി വീടിനു മുന്നിലെ റോഡിന്‍റെ വശം പാറമക്കിട്ടുയർത്തിയതോടെയാണ് പ്രധാന റോഡിൽ വെള്ളക്കെട്ടു രൂപപെട്ടിരിക്കുന്നത്.വാഹനങ്ങൾ പോകുമ്പോൾ ചെളി വെള്ളം തെറിക്കാതിരിക്കാൻ പാടുപെടുകയാണ് നാട്ടുകാർ.ഉന്നത നിലവാരത്തിൽ പകുതി നിർമ്മാണം പൂർത്തിയായ മന്ദമരുതി-വെച്ചൂച്ചിറ റോഡിൽ കണ്ണങ്കരയ്ക്കും പൊടിപ്പാറയ്ക്കുമിടയിലായി കൂത്താട്ടുകുളത്തിന് തിരിയുന്ന എം.എൽ.എ റോഡിന് സമീപമാണ് അപ്രതീക്ഷിത വെള്ളക്കെട്ടു രൂപ പെട്ടിരിക്കുന്നത്.ഇവിടെ അടുത്ത കാലം വരെ സുഗമമായി യാത്ര ചെയ്യുവാൻ കഴിഞ്ഞിരുന്നു.എന്നാൽ പൊതുമരാമത്ത് റോഡിലേക്കിറക്കി സമീപത്തെ വീട്ടുടമ ഗേറ്റിനു മുൻവശം കോൺക്രീറ്റ് ചെയ്തിരുന്നു.
ഇതിന് സമീപത്തെ മതിലിനും റോഡിനും ഇടയ്ക്കുള്ള സ്ഥലം പാറമക്കിട്ട് ഉയർത്തി.ഇതോടെ റോഡിൽ വെള്ളക്കെട്ടുമായി.റോഡു നിർമ്മിച്ചപ്പോൾ ഇവിടെ ഓട പണിതിരുന്നില്ല.വെള്ളക്കെട്ടു രൂപപെട്ടതിനാൽ താമസിയാതെ റോഡ് തകരുവാൻ ഇത്കാരണമാകും.കൂടാതെ കോണ്‍ക്രീറ്റില്‍ മറ്റു വാഹനങ്ങള്‍ കയറാതിരിക്കാനായി സ്ഥാപിച്ച വലിയ പാറക്കല്ലും അപകട ഭീക്ഷണി ഉയര്‍ത്തുന്നുണ്ട്.റോഡിന്‍റെ പകുതിയോളം നിറഞ്ഞിരിക്കുന്ന വെള്ളക്കെട്ട് ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്.സ്വകാര്യ വ്യക്തി പൊതുമരാമത്ത് വക സ്ഥലം കൈയ്യേറി നിർമ്മാണം നടത്തിയിട്ടും കണ്ട ഭാവം നടിക്കാതിരിക്കുകയാണ് ബന്ധപ്പെട്ടവർ.