പത്തനംതിട്ട : വേനലിൽ ജലക്ഷാമം രൂക്ഷമായ പത്തനംതിട്ട ജില്ലയിൽ കുടിവെള്ള വിതരണത്തിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി സലിം ആവശ്യപ്പെട്ടു. നിലവിൽ കുടിവെള്ളം വിതരണം ചെയ്യാൻ ഫണ്ടില്ലാതെ തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. തനത് ഫണ്ട് ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും പദ്ധതി വിഹിതം കുറഞ്ഞത് തടസമാണ്. ഇതോടെ വികസന പ്രവർത്തനങ്ങൾ തുടങ്ങാനും പൂർത്തീകരിക്കാനും കഴിയാതെ സാമ്പത്തിക ഞെരുക്കത്തിലാണ് പല പഞ്ചായത്തുകളും. ഈമാസം 31വരെ ഗ്രാമ പഞ്ചായത്തുകൾക്ക് ആറ് ലക്ഷവും നഗരസഭകൾക്ക് 12 ലക്ഷവും വിനിയോഗിക്കാനാണ് സർക്കാർ അനുമതിയുള്ളത്. എന്നാൽ ഇതിനുള്ള ഫണ്ട് പല പഞ്ചായത്തുകൾക്കുമില്ല.
വേനൽ ശക്തമായതോടെ കിണറുകളും തോടുകളും വറ്റിവരണ്ടതിനാൽ ജില്ലയിൽ ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിലേക്ക് ജല അതോറിറ്റിയുടെ പൈപ്പ് വെള്ളം എത്തുന്നില്ല. മിക്ക വീട്ടുകാരും വെള്ളം വലിയ വില കൊടുത്താണ് വാങ്ങുന്നത്. അതിനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തവർ വിദൂരങ്ങളിൽ നിന്ന് ചുമന്നുകൊണ്ടാണ് വരുന്നത്. നദികളും വറ്റിവരണ്ട നിലയിലാണ്. പ്ലാൻ ഫണ്ടിൽ നിന്ന് കുടിവെള്ള വിതരണത്തിന് തുക ചെലവാക്കിയാൽ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. നിലവിലെ പ്രതിസന്ധി പരിഹരിച്ച് ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും സത്വര നടപടികൾ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.