വെച്ചൂച്ചിറ : കൂത്താട്ടുകുളം ജല വിതരണ പൈപ്പ് സ്ഥാപിക്കുന്ന കിഫ്ബിയുടെ പ്രവര്‍ത്തനം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കും. വാട്ടര്‍ അതോറിറ്റിയുടെ ഉന്നതതല ഉദ്യോഗസ്ഥരുടെയും കരാറുകാരന്റേയും യോഗത്തിലാണ് തീരുമാനം. വേനല്‍ക്കാലമാകുന്നതോടെ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന വെച്ചൂച്ചിറയില്‍ എത്രയും വേഗം ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തര യോഗം വിളിച്ചത്. മഠത്തുംചാല്‍ – മുക്കൂട്ടുതറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ ചേത്തയ്ക്കല്‍ മുതല്‍ കൂത്താട്ടുകുളം വെച്ചൂച്ചിറ വരെയുള്ള പൈപ്പ് ലൈനുകള്‍ തകര്‍ന്നു പോയിരുന്നു. ഇവ മാറ്റി സ്ഥാപിക്കുന്നതിന് കിഫ്ബി മുഖേന 4.7 കോടി രൂപ അനുവദിച്ചു.
നിലവില്‍ 90 എംഎം ന്റെ 1000 മീറ്റര്‍ പിവിസി പൈപ്പും 180 എംഎം ന്റെ 1100 മീറ്റര്‍ ഡി ഐ പൈപ്പുകളും ഇതുവരെ വിതരണം ചെയ്തു. ഫെബ്രുവരി 10 നകം പൈപ്പുകള്‍ മുഴുവന്‍ വിതരണം ചെയ്യും. പത്തനംതിട്ട പിഎച്ച് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഉഷാ രാധാകൃഷ്ണന്‍, അസി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദിലീപ് ഗോപാല്‍, എന്‍ജിനീയര്‍ മിനി ജേക്കബ്, മിനാര്‍ മാനേജിങ് ഡയറക്ടര്‍ എം ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.