ആര്യാട് : സ്‌കൂളുകളില്‍ പാചകത്തിനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ ജലജ ചന്ദ്രന്‍. കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ആര്യാട് ലൂഥറന്‍സ് ഹൈസ്‌കൂളില്‍ അന്വേഷണത്തിന് എത്തിയതായിരുന്നു കമ്മീഷന്‍. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാംപിൾ ഓരോ ദിവസവും ശേഖരിച്ച് വയ്ക്കണമെന്നും കമ്മിഷന്‍ പറഞ്ഞു. സ്‌കൂളിലെ അടിസ്ഥാന സൗകര്യം മെച്ചപെടുത്തണമെന്നും കമ്മീഷന്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു. ജില്ല ശിശുസംരക്ഷണ ഓഫീസര്‍ ടി.വി. മിനിമോള്‍, ഔട്ട് റീച്ച വര്‍ക്കര്‍ നിഖില്‍ വര്‍ഗീസ് എന്നിവര്‍ക്കൊപ്പമാണ് കമ്മിഷന്‍ അംഗം സ്‌കൂളിലെത്തിയത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച ചില സ്കൂൾ കുട്ടികൾക്കിടയിൽ ശാരീരിക അസ്വസ്ഥതയുണ്ടായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു. ജൂലൈ 19ന് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികളിൽ വൈകുന്നേരത്തോടെ ഛർദ്ദി, വയറു വേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുമായി ചികിത്സ തേടുകയും ചെയ്തു.
വരെയുള്ള കുട്ടികൾക്ക് മിഡ് ഡേ മീൽ സ്‌കീമിൻറെ ഭാഗമായി ചോറും കറികളുമുൾപ്പടെ വെജിറ്റേറിയൻ ഭക്ഷണമായിരുന്നു നൽകിയത്. ഏകദേശം തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ അറുന്നൂറ്റി ഇരുപതോളം വിദ്യാർഥികൾ ആണ് ഉച്ചഭക്ഷണം കഴിച്ചത്. തുടർന്ന് 34 വിദ്യാർഥികൾക്ക് അസ്വസ്ഥത ഉണ്ടായി. ഇവർ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി. ഇതിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ 21 കുട്ടികൾ അന്നു രാത്രി പതിനൊന്ന് മണിയോടെ ആശുപത്രി വിട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് കുട്ടികളെ പ്രാഥമിക പരിശോധനകൾക്ക് ശേഷം പിറ്റേന്ന് ( ജൂലൈ 20 ന് ) വിട്ടയച്ചു. എട്ട് കുട്ടികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.
ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ജൂലൈ 20 ന് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ് ആർ ദിലീപ് കുമാറിന്‍റെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്തു നടത്തി. സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാർ, പാചകമുറി, ഇവിടേക്ക് വെള്ളം സംഭരിക്കുന്ന ജലസ്രോതസ്സുകൾ, കുട്ടികൾക്ക് കൈകഴുകാനും കുടിക്കാനും വെള്ളം സംഭരിച്ചു ലഭ്യമാക്കുന്ന സ്രോതസ്സുകൾ, പച്ചക്കറിയും മറ്റ് ഭക്ഷ്യ വസ്തുക്കളും സംഭരിച്ചു വച്ചിരിക്കുന്ന രീതി, അടിസ്ഥാന സൗകര്യങ്ങൾ, കുട്ടികളുടെ ടോയ്‌ലറ്റ് സംവിധാനം, സുരക്ഷിതമായ ശുചിമുറികളുടെ ലഭ്യത എന്നിവയെല്ലാം ആര്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഹെൽത്ത് ടീമിൻറെയും ആര്യാട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടേയും സ്‌കൂൾ അധികൃതരുടെയും സാന്നിധ്യത്തിൽ പരിശോധിച്ചു.