വടകര : എടച്ചേരിയില്‍ കിണര്‍ പ്രവര്‍ത്തിക്കിടെ അപകടം. മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയിലകപ്പെട്ടു. കിണറിന്റെ പടവ് കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രാവിലെ പത്തു മണിയോടെ എടച്ചേരി പുതിയങ്ങാടിയിലാണ് സംഭവം. കായക്കൊടി മയങ്ങയില്‍ കുഞ്ഞമ്മദാണ് മണ്ണിനടിയിലായത്. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം പ്രദേശത്ത് തുടരുന്ന കനത്തമഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.
രാവിലെ വീടിന്റെ മുറ്റത്ത് മതിലിനോട് ചേര്‍ന്ന കിണറിന്റെ പടവുകള്‍ കെട്ടുന്നിതിനിടെ ശക്തമായ മഴയില്‍ കിണറിന്റെ അരുകിലെ കല്ലിനും മണ്ണിനുമൊപ്പം കുഞ്ഞമ്മദും സഹായി കായക്കൊടി സ്വദേശി പൊക്കനും കിണറിലേക്ക് ഊര്‍ന്ന് വീഴുകയായിരുന്നു. കൂടെ കിണറ്റിലേക്ക് വീണ പൊക്കനെ പരുക്കുകളോട രക്ഷിച്ചു. ഇയാളെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാട്ടുകാരും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വെട്ട് കല്ല് ഇല്ലാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി ഇവിടെത്തെ കിണറിന്റെ പടവുകള്‍ കെട്ടുന്ന പ്രവൃത്തി നിലച്ചതായിരുന്നു. ഇന്ന് പ്രവൃത്തി പുനരാരംഭിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. കിണറിന്റെ പടവുകളിലെ മൂന്ന് നിരകല്ലുകള്‍ മാത്രമെ കെട്ടാനുണ്ടായിരുന്നുള്ളു. പ്രദേശത്ത് ശക്തമായി മഴ പെയ്യുന്നത് രക്ഷപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.