കോന്നി : മഴ ശക്തമായതോടെ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ് കോന്നിയിലെ വെള്ളചാട്ടങ്ങൾ. ചെറുതും വലുതുമായ വെള്ളചാട്ടങ്ങളാൽ സമൃദ്ധമാണ് കോന്നിയിലെ മലയോര മേഖലകൾ. മണ്ണീറ വെള്ളച്ചാട്ടം, പൂച്ചക്കുളം വെള്ളച്ചാട്ടം, രാജഗിരി വെള്ളച്ചാട്ടം, ചെളിക്കുഴി വെള്ളചാട്ടം, മൺപിലാവ് വെള്ളചാട്ടം, എലിമുള്ളുംപ്ലാക്കൽ മീൻ മൂട്ടി വെള്ളചാട്ടം എന്ന് തുടങ്ങി കോന്നിയിലെ മലയോര മേഖലകളിൽ അറിയുന്നതും അറിയപ്പെടാത്തതുമായ നിരവധി വെള്ളചാട്ടങ്ങൾ ആണുള്ളത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന മണ്ണീറ വെള്ളച്ചാട്ടത്തിൽ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുന്ന ആളുകൾ ആണ് കൂടുതലായും എത്തുന്നത്. എന്നാൽ അലർട് പ്രഖ്യാപിച്ച ശേഷം മണ്ണീറ വെള്ളച്ചാട്ടത്തിൽ സമയം ചിലവഴിക്കാൻ വേണ്ടി മാത്രം ആളുകൾ എത്തുന്നുണ്ട്. മൺപിലാവ് വെള്ളചാട്ടത്തിലും നിരവധി ആളുകൾ ആണ് എത്തുന്നത്.
അപകടം മണ്ണീറവെള്ളചാട്ടവും രാജഗിരി വെള്ളചാട്ടവും എല്ലാം അപകടം കുറഞ്ഞ വെള്ളചാട്ടങ്ങൾ ആയതിനാൽ കുടുംബ സമേതമാണ് ആളുകൾ എത്തുന്നത്. തണ്ണിത്തോട് പഞ്ചായത്തിലെ പൂച്ചകുളത്ത് സ്ഥിതി ചെയ്യുന്ന പൂച്ചക്കുളം വെള്ളചാട്ടത്തിലും നിരവധി ആളുകൾ എത്തുന്നുണ്ട്. വലിയ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളചാട്ടത്തിന് വർണ്ണനാതീതമായ സൗന്ദര്യമാണ് ഉള്ളത്. കോന്നിയിലെ പല പ്രദേശങ്ങളിലും നിരവധി വെള്ളചാട്ടങ്ങൾ സ്ഥിതി ചെയുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഗ്രാമപഞ്ചായത്തുകളോ മറ്റോ പ്രാധാന്യം നൽകാത്തത് മൂലം പല വെള്ളചാട്ടങ്ങളും വിസ്‌മൃതിയിലായി പോവുകയാണ്. ഗ്രാമ പഞ്ചായത്തുകൾ ഇത്തരം വെള്ളചാട്ടങ്ങൾ പലതും ടൂറിസം പദ്ധതികളാക്കി മാറ്റിയാൽ വലിയ വരുമാനമാകും പഞ്ചായത്തുകൾക്ക് ലഭിക്കുക.