തിരുവല്ല : പെരിങ്ങര പഞ്ചായത്തിലെ ജനങ്ങൾ ഏറെക്കാലമായി അനുഭവിക്കുന്ന വെള്ളക്കെട്ട് ദുരിതത്തിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നടപടി തുടങ്ങി. ഗ്രാമപഞ്ചായത്ത്, ജലസേചന വകുപ്പ് അധികൃതർ ചേർന്ന് ഇന്നലെ പ്രശ്‌നബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. വെള്ളം ഒഴുകിപ്പോകേണ്ട 400മീറ്ററോളം ദൂരത്തിൽ നിലനിന്നിരുന്ന വാച്ചാൽതോട് സ്വകാര്യ വ്യക്തികളുടെ കൈയേറ്റംമൂലം നികത്തപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് സംഘം പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. വെള്ളക്കെട്ടിന് കാരണമായ മൂന്നൊന്നിൽ കലുങ്കിന്റെ ഭാഗത്തെ വാച്ചാൽ തോട് കൈയേറ്റം എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി.
വില്ലേജ് ഓഫീസ് രേഖകൾ പരിശോധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്, പഞ്ചായത്തംഗം അശ്വതി രാമചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജലസേചന വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ, സർവേയർ, മറ്റുഉദ്യോഗസ്ഥർ ചേർന്ന് കൈയേറ്റം നടന്ന ഭാഗങ്ങൾ കണ്ടെത്തി കല്ലിട്ടു. ഈ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് തോട് വീണ്ടെടുക്കാൻ സാധിച്ചാൽ മഴക്കാലത്ത് പഞ്ചായത്ത് ഓഫീസിലും പെരിങ്ങര ജംഗ്ഷനിലും മറ്റ് ഉപറോഡുകളിലെയും വെള്ളക്കെട്ട് ഒഴിവാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.