തിരുവനന്തപുരം : സൈബർലോകത്തെ വീഡിയോകളിൽ കഞ്ചാവ് തോട്ടത്തിലേക്കുള്ള വഴിയും കറുപ്പ് നിർമാണത്തിന്റെ സാങ്കേതികവിദ്യയും. ഇ-ബുൾജെറ്റ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് സൈബർവിഭാഗം നടത്തിയ പരിശോധനയിൽ ഇത്തരം വീഡിയോകളിൽ ഒട്ടേറെ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ചില വ്ലോഗർമാർ മയക്കുമരുന്ന് വിപണത്തിന് സഹായമായതെല്ലാം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ഒരു യുട്യൂബർ പകർത്തിയത് ഹിമാചലിലെ കഞ്ചാവ് തോട്ടമാണ്. 3.50 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടത്. അനധികൃത കറുപ്പ് കൃഷി നടക്കുന്ന അരുണാചൽപ്രദേശിലെ അതിർത്തിഗ്രാമങ്ങളാണ് മറ്റൊരാൾ ചിത്രീകരിച്ചത്. കറുപ്പ് നിർമിക്കുന്നതെങ്ങിനെയെന്നും ഇതിൽ വിശദീകരിക്കുന്നു. ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും അത് കിട്ടുന്ന സ്ഥലങ്ങൾ പരസ്യപ്പെടുത്തുന്നതും മയക്കുമരുന്ന് വിപണനവും വിതരണവും തടയുന്നതിനുള്ള (എൻ.ഡി.പി.എസ്.) നിയമപ്രകാരം കുറ്റകരമാണ്.
ആന്ധ്രയിലെ കഞ്ചാവ് കൃഷി മേഖലകളിലും ചില സഞ്ചാരികൾ എത്തിയിട്ടുണ്ട്. അശ്ലീല സംഭാഷണങ്ങൾ നിറഞ്ഞ വീഡിയോകൾ പങ്കുവെച്ച് വരുമാനം നേടുന്നവരുമുണ്ട്. അഴിമതിക്കെതിരേയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ പലരും പിന്നീട് നിയമത്തെ വെല്ലുവിളിക്കുന്ന വിധത്തിലേക്ക് മാറുന്നതും വീഡിയോകളിൽ ദൃശ്യമാണ്. നിയമപരമായ അജ്ഞത ഇവരുടെ വീഡിയോകളിലുണ്ട്. ഇത് കാഴ്ചക്കാരായ കൗമാരക്കാരിലും യുവാക്കളിലും തെറ്റായ സന്ദേശം പകരും.
റോഡ് നന്നാക്കിയില്ലെങ്കിൽ റോഡ് നികുതി അടയ്ക്കരുതെന്നാണ് ഒരു വ്ലോഗറുടെ ആഹ്വാനം. പോലീസ് എവിടെ വാഹനപരിശോധന നടത്തിയാലും മൊബൈലിൽ ചിത്രീകരിക്കണമെന്നതാണ് മറ്റൊരു കൂട്ടരുടെ നിർദേശം. ഒളിക്യാമറ വെച്ച് പോലീസുമായി തർക്കിച്ച് അവരെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് വൈറലാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം.
വാഹനങ്ങളുടെ നിയമവിരുദ്ധമായ രൂപമാറ്റവും അപകടകരമായ ഡ്രൈവിങ്ങുമാണ് മറ്റൊരു വിഭാഗത്തിന്റെ വരുമാനം. ബൈക്ക് സ്റ്റണ്ട് നടത്താൻ ആവശ്യമായ സാധനങ്ങളും ബൈക്കിൽ വരുത്തേണ്ട മാറ്റങ്ങളുമെല്ലാമാണ് ഇത്തരക്കാർ പങ്കുവെക്കുന്നത്. കാർ എങ്ങനെ റോഡിൽ വട്ടംചുറ്റിക്കാം, രാത്രിയിൽ വീട്ടുകാരറിയാതെ എങ്ങനെ വാഹനങ്ങൾ പുറത്തിറക്കാം എന്നൊക്കെയുള്ള വിവരങ്ങളും ചിലർ പങ്കുവെക്കുന്നു.