വയനാട് : വയനാട് ഫണ്ട് പിരിവിനായി വീണ്ടും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിൽ. ഒരു വര്‍ഷം മുന്‍പാണ് രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം യൂത്ത് കോണ്‍ഗ്രസ് 30 വീടുകള്‍ വെച്ച് കൊടുക്കാന്‍ തയ്യാറായത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്ന് തന്നെ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ രണ്ടര ലക്ഷം രൂപ വീതം പിരിച്ചു നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇങ്ങനെ പരിച്ച തുകയാണ് 87 ലക്ഷം രൂപ എന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിൽ തന്നെ സമ്മതിച്ചത്.
പണം പൂര്‍ണമായിട്ടും ലഭിച്ചില്ല എന്നുള്ളതാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പില്‍ തന്നെ ചര്‍ച്ചയാകുന്നത്. അതുകൊണ്ടുതന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളും ഫണ്ട് പിരിവുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കണമെന്ന നിര്‍ദേശവുമായി രംഗത്തെത്തി. ഇതിന് മറുപടി നല്‍കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായില്ല. മറിച്ച് വീണ്ടും പണപ്പിരിവ് നടത്താന്‍ ഉള്ള നിര്‍ദ്ദേശമാണ് രാഹുല്‍ മാങ്കൂട്ടത്തിൽ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 2ാം തീയതിയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം രാഹുല്‍ മാങ്കൂട്ടത്തിൽ നിയോജകമണ്ഡലം ഭാരവാഹികള്‍ക്ക് നല്‍കിയത്.