മാനന്തവാടി: പഞ്ചാര കൊല്ലിയിൽ കടുവ കടിച്ച് കൊലപ്പെടുത്തിയ രാധ എന്ന സ്ത്രീയുടെ വീട് സന്ദർശിക്കാനായി എത്തിയ വനംമന്ത്രി എ കെ ശശീന്ദ്രനെ തടഞ്ഞ് പ്രതിഷേധം. പ്രദേശവാസികൾ റോഡിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധം നടത്തുകയായിരുന്നു. തുടർന്ന് മന്ത്രിയുടെ യാത്ര തടസപ്പെടുകയും വാഹനവ്യൂഹം വഴിയിലാവുകയും ചെയ്‌തു. പ്രതിഷേധമുണ്ടായത് പഞ്ചാര കൊല്ലിക്ക് മുൻപുള്ള പിലാക്കാവിലാണ്. പ്രതിഷേധക്കാരെ നീക്കാനായി പോലീസ് ശ്രമിച്ചതോടെ ഉന്തും തള്ളും തർക്കവുമുണ്ടായി. മന്ത്രിയെത്താൻ തയ്യാറായത് കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റത് കൊണ്ടല്ലേയെന്നാണ് നാട്ടുകാരുടെ ചോദ്യം.
ജനങ്ങൾ ദുരിതത്തിലായി 3 ദിവസം ആയിട്ടും എന്ത് കൊണ്ടാണ് എത്താതിരുന്നതെന്ന് ചോദിച്ച ഇവർ, മന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. 20 മിനിറ്റോളമാണ് മന്ത്രി കാറിനകത്ത് ഇരിക്കേണ്ടി വന്നത്. അദ്ദേഹം എത്തിയത് വൻ പോലീസ് അകമ്പടിയോടെയാണ്. ആളുകളെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയതോടെയാണ് ശശീന്ദ്രന് രാധയുടെ വീട്ടിലേക്ക് കയറാനായത്. മന്ത്രിക്കൊപ്പം സി പി എം നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, മന്ത്രി എ കെ ശശീന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.