സുല്‍ത്താന്‍ ബത്തേരി: കേരള കോണ്‍ഗ്രസ് പിളര്‍ന്ന് രണ്ട് മുന്നണികളിലായതോടെ വയനാട് ജില്ലയില്‍ നേട്ടമുണ്ടായത് ജോസ് പക്ഷത്തിന്. ഇടതു മുന്നണിയില്‍നിന്ന് കൂടുതല്‍ സീറ്റുകള്‍ ചോദിച്ചുവാങ്ങി കൂടുതല്‍ പേരെ ജയിപ്പിച്ചെടുക്കാന്‍ ജോസ് പക്ഷത്തിന് കഴിഞ്ഞു. എന്നാല്‍ കാര്യമായി സീറ്റുകള്‍ നേടിയെടുക്കാനോ കിട്ടിയതില്‍ ജയിക്കാനോ കഴിയാത്ത ദുര്‍വിധിയാണ് ജോസഫ് ഗ്രൂപ്പിന്.
2015ല്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് യു.ഡി.എഫ് കൊടുത്തത് ഒരു സീറ്റ് മാത്രമായിരുന്നു. ഇത്തവണ ജോസ് പക്ഷം ഇടതു മുന്നണിയില്‍നിന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ ചോദിച്ചുവാങ്ങിയത് രണ്ട് സീറ്റുകളാണ്.
കൂടാതെ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്, മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍, മാനന്തവാടി- സുല്‍ത്താന്‍ ബത്തേരി നഗരസഭ, ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിങ്ങനെ 16 ഇടത്താണ് കേരള കോണ്‍ഗ്രസ് ജോസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. കഴിഞ്ഞ തവണ യു.ഡി.എഫിലായിരുന്നപ്പോള്‍ ഇത്രയും സീറ്റുകള്‍ അവര്‍ക്ക് ലഭിച്ചിരുന്നില്ല. ഇത്തവണ ബത്തേരി നഗരസഭ, മാനന്തവാടി നഗരസഭ, മുള്ളന്‍കൊല്ലി പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഓരോ സീറ്റില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ഥികള്‍ ജയിച്ചു.
പിളര്‍പ്പിനുശേഷം ജോസഫ് പക്ഷത്തിന് ജില്ലയിലെ രണ്ട് സ്ഥാനാര്‍ഥികളുടെ തോല്‍വി വലിയ നഷ്ടമുണ്ടാക്കി. ജില്ല പഞ്ചായത്ത് മീനങ്ങാടി ഡിവിഷനില്‍ നിന്നു മത്സരിച്ച രമ്യ ശിവദാസും സുല്‍ത്താന്‍ ബത്തേരി നഗരസഭ തേലംപറ്റ ഡിവിഷനില്‍നിന്നു മത്സരിച്ച എം.ആര്. ഷൈലജയുമാണ് തോല്‍വി ഏറ്റുവാങ്ങിയത്. ജില്ലയില്‍ ജോസഫ് പക്ഷത്തിന് യു.ഡി.എഫ് നേതൃത്വം ആകെ വിട്ടുകൊടുത്ത സീറ്റുകളാണിത്.
ജില്ല പഞ്ചായത്ത് മീനങ്ങാടി ഡിവിഷന് പരമ്പരാഗതമായി എല്‍.ഡി.എഫിന് അനുകൂലമാണ്. യു.ഡി.എഫ് ഘടകകക്ഷികളിലെ ചെറിയ പാര്‍ട്ടികള്‍ക്കാണ് ഈ ഡിവിഷന് കൊടുക്കാറുള്ളത്. രമ്യ ശിവദാസിനെ രംഗത്തിറക്കി ശക്തമായ പ്രചാരണമാണ് ഇത്തവണ യു.ഡി.എഫ് നടത്തിയത്. എന്നാല്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. സുല്‍ത്താന്‍ ബത്തേരി തേലംപറ്റയിലും ഇതേ അവസ്ഥതന്നെയായിരുന്നു. ജോസഫ് പക്ഷം തങ്ങളുടെ സകല ശക്തിയും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.