കല്പറ്റ : വയനാട് ഗവ. മെഡിക്കല്‍ കോളജ് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചുവരുന്നതായും ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരള പര്യടനത്തിന്റെ ഭാഗമായി കല്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഈകാര്യം അറിയിച്ചത്.
മേപ്പാടി ഡി.എം വിംസ് മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പരിഗണിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. വയനാട് ഏറെക്കാലമായി കാത്തിരിക്കുന്ന ഗവ. മെഡിക്കല്‍ കോളജിനെക്കുറിച്ച് ആമുഖ പ്രസംഗത്തിലും അദ്ദേഹം ഒന്നും പരാമര്‍ശിച്ചില്ല. എന്നാല്‍ പിന്നീട് ഈ കാര്യം അറിയിക്കുകയായിരുന്നു.
വയനാട്ടില്‍ ദീര്‍ഘകാലമായി നിര്‍മാണഘട്ടത്തിലുള്ള കാരാപ്പുഴ ജലസേചന പദ്ധതി 2023ലും ബാണാസുരസാഗര്‍ പദ്ധതി 2024ലും പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തങ്ങളുടെകൂടി പശ്ചാത്തലത്തില്‍ ജില്ലയില്‍ എയര്‍ സ്ട്രിപ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.കെ. ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് സംബന്ധിച്ചു. എല്‍.ഡി.എഫ് നേതാക്കളടക്കം സമൂഹത്തിലെ വിവിധ തുറകളില്‍നിന്നായി നൂറോളം പേര് പങ്കെടുത്തു.