നാഡീവ്യൂഹസംബന്ധമായ ഒരു രോഗമാണ് മൈഗ്രേൻ. തലവേദനയ്ക്ക് പുറമേ മനംമറിച്ചില്‍, ഛര്‍ദ്ദി, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള സംവേദനത്വം എന്നിവയെല്ലാം മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ആണ്. ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാതിരിക്കല്‍, മാനസിക സമ്മര്‍ദ്ദം, തീക്ഷ്ണമായ വെളിച്ചം, വലിയ ശബ്ദങ്ങള്‍, വെയില്‍ കൊള്ളുന്നത്, ചൂട്, നിര്‍ജലീകരണം, കഫൈന്‍, ചോക്ലേറ്റ്, അച്ചാര്‍, സംസ്കരിച്ച മാംസം, ചീസ് പോലുള്ള ചില ഭക്ഷണവിഭവങ്ങള്‍ എന്നിങ്ങനെ മൈഗ്രേൻ ട്രിഗറായി പ്രവര്‍ത്തിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. വെള്ളം ധാരാളം കുടിക്കുക. കാരണം ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ചിലര്‍ക്ക് തലവേദന അനുഭവപ്പെടാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക.
ചിലര്‍ക്ക് ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടാം. അത്തരക്കാര്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ആ സ്ഥലത്ത് നിന്നും മാറി നില്‍ക്കുക. ഒറ്റയ്ക്ക് കുറച്ചു സമയം നിശബ്ദമായ സ്ഥലത്ത് പോയി ഇരിക്കുക. ചിലര്‍ക്ക് തീക്ഷ്ണമായ വെളിച്ചം മൂലം തലവേദന ഉണ്ടാകാം. അത്തരക്കാര്‍ ഇരിട്ടുള്ള മുറിയില്‍ കുറച്ച് സമയം വിശ്രമിക്കുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കും. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയുടെ അമിതോപയോഗവും തലവേദനയുണ്ടാക്കുന്നതിന് കാരണമാകാം. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം.